ഏറെ ചര്‍ച്ചകള്‍ക്കും, കോടതി സ്റ്റേയ്ക്കും, എതിര്‍പ്പുകള്‍ക്കും ശേഷം ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നു. ഇന്ന് ഉച്ചയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മലയാളസിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമെന്ന് കണ്ടെത്താനാണ് മുന്‍ ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്. 2019 ഡിസംബര്‍ 31-ന് കമ്മിറ്റി സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ടാണിത്. മുതിർന്ന നടി ശാരദ, മുൻ ബ്യൂറോക്രാറ്റ് കെ. ബി വത്സലകുമാരി എന്നിവർ ആയിരുന്നു ബാക്കി കമ്മിറ്റി അംഗങ്ങൾ.
പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം മലയാള സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ വലിയ രീതിയിലുള്ള അതിക്രമങ്ങളും ലൈംഗിക ചൂഷണങ്ങളും നടക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. വിട്ടുവീഴ്ചകളും, വഴിവിട്ട കാര്യങ്ങളും ചെയ്യാന്‍ നടിമാര്‍ അടക്കമുള്ളവരെ സംവിധായകര്‍, നിര്‍മ്മാതാക്കള്‍ എന്നിവര്‍ നിര്‍ബന്ധിക്കുന്നു, നഗ്നതാ പ്രദര്‍ശനം നടത്താന്‍ ആവശ്യപ്പെടുക, പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക, അവസരം ലഭിക്കണമെങ്കില്‍ സഹകരിക്കാന്‍ തയ്യാറാകണം എന്നിങ്ങനെ നിരവധി ഗൗരവമേറിയ വെളിപ്പെടുത്തലുകളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. തുല്യവേതനം നിഷേധിക്കുന്നു, സിനിമയെ നിയന്ത്രിക്കുന്നത് മാഫിയാ സംഘങ്ങളാണ്, വഴങ്ങാത്തവര്‍ക്ക് അവസരം നിഷേധിക്കുക മുതലായ പരാതികളും ഉയര്‍ന്നിട്ടുണ്ട്. സംവിധായകര്‍ക്ക് പുറമെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും ചൂഷകരാകുന്ന സ്ഥിതിയുണ്ട്. രാത്രികാലങ്ങളില്‍ റൂമിന്റെ വാതിലില്‍ മുട്ടി വിളിച്ച് ബുദ്ധിമുട്ടിക്കുക, പരാതി പറഞ്ഞാല്‍ കുടുംബത്തെയടക്കം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുക, ചൂഷണത്തിനായി ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നു, ഫോണ്‍ വിളിച്ചും മോശമായി സംസാരിക്കുക, ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ബന്ധിക്കുക മുതലായി പുറത്തറിയാത്ത വളരെയധികം കാര്യങ്ങളാണ് കമ്മിറ്റിക്ക് മുമ്പില്‍ സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ വെളിപ്പെടുത്തിയത്.
അതേസമയം സിനിമയിലെ എല്ലാവരും ഇത്തരക്കാരല്ലെന്നും, സംവിധായകര്‍, ഛായാഗ്രാഹകര്‍ എന്നിങ്ങനെ വളരെ മാന്യമായി ജോലി ചെയ്യുന്ന നിരവധി പേരുണ്ടെന്നും, അവരുടെയൊപ്പം ജോലി ചെയ്യുമ്പോള്‍ സ്ത്രീകള്‍ സുരക്ഷിതത്വമനുഭവിക്കുന്നുണ്ടെന്നും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരത്തില്‍ മാന്യന്മാരായ ഒരു സംവിധായകന്റെയും, ഛായാഗ്രാഹകന്റെയും കാര്യം പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.
സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടം മുതല്‍ തന്നെ ഇത്തരം പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് മുതിര്‍ന്ന സിനിമാപ്രവര്‍ത്തകരോട് സംസാരിച്ചതില്‍ നിന്നും ഹേമാ കമ്മിറ്റിക്ക് വ്യക്തമായിട്ടുണ്ട്. ഇത്തരം വിഷയങ്ങളില്‍ ഇടപെടാനും, പരിഹരിക്കാനും പ്രത്യേക സംവിധാനമോ, അധികാര കേന്ദ്രമോ ഇല്ലാത്തതാണ് പ്രശ്നം തുടാന്‍ കാരണം.
അതേസമയം സ്വകാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ചില ഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള 233 പേജ് വരുന്ന റിപ്പോര്‍ട്ടാണ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. ആളുകളെ തിരിച്ചറിയുന്ന തരത്തിലുള്ള എല്ലാ വിവരങ്ങളും ഒഴിവാക്കിയിട്ടുണ്ട്.