അയര്‍ലണ്ടിനായി നിരവധി രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ തിളങ്ങിയ ഇന്ത്യന്‍ വംശജനായ താരം സിമി സിങ് ജീവന് വേണ്ടി പൊരുതുന്നു. കരള്‍ രോഗം ബാധിച്ച് നിലവില്‍ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് ഈ 37-കാരന്‍. കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇനി മുന്നിലുള്ള വഴി.
പഞ്ചാബിലെ മൊഹാലിയില്‍ ജനിച്ച സിമി സിങ്, പഞ്ചാബിന്റെ അണ്ടര്‍ 14, അണ്ടര്‍ 17 ടീമുകളില്‍ അംഗമായിരുന്നെങ്കിലും അണ്ടര്‍ 19 ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. പിന്നീട് 2006-ല്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനായി അയര്‍ലണ്ടിലെത്തിയ അദ്ദേഹം ഡബ്ലിനിലെ Malahide Cricket Club-ല്‍ ചേരുകയും, തുടര്‍ന്ന് അയര്‍ലണ്ടിന്റെ ദേശീയ ടീമില്‍ എത്തുകയുമായിരുന്നു. അയര്‍ലണ്ടിനായി 35 ഏകദിനമത്സരങ്ങളും, 53 ടി20 മത്സരങ്ങളും കളിച്ച സിമി സിങ് ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ തിളക്കമേറിയ പ്രകടനങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്. ഏകദിനത്തില്‍ 39 വിക്കറ്റുകളും, ടി20യില്‍ 44 വിക്കറ്റുകളും നേടിയ അദ്ദേഹം, 2021-ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഏകദിന സെഞ്ച്വറിയും കരസ്ഥമാക്കി.
ആറ് മാസം മുമ്പ് ഡബ്ലിനില്‍ വച്ച് ഇടയ്ക്കിടെ പനി വന്നതിനെത്തുടര്‍ന്ന് ഡോക്ടറെ കാണിച്ചെങ്കിലും, പല ടെസ്റ്റുകള്‍ക്ക് ശേഷവും രോഗം എന്തെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ മരുന്ന് നല്‍കിയുമില്ല. രോഗം കണ്ടെത്താന്‍ സാധിക്കാതെ വരികയും, സിമിയുടെ ആരോഗ്യം മോശമാകുകയും ചെയ്തതോടെയാണ് തങ്ങള്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി ഇന്ത്യയിലേയ്ക്ക് വന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യാപിതാവായ പര്‍വീന്ദര്‍ സിങ് പറയുന്നു.
ആദ്യഘട്ടത്തില്‍ ട്യൂബര്‍ക്കുലോസിസ് എന്ന രീതിയില്‍ ചണ്ഡീഗഢിലെ പിജിഐയില്‍ ചികിത്സ തേടിയെങ്കിലും ടെസ്റ്റുകളുടെ ഫലം വന്നപ്പോള്‍ ടിബി അല്ല എന്ന് വ്യക്തമായി. തുടര്‍ന്ന് മൊഹാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചു. അതേസമയം പനി വിട്ടുമാറാതെ തുടരുകയും ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് ജോണ്ടിസ് പിടിപെടുകയും ചെയ്തു. ഓഗസ്റ്റില്‍ വീണ്ടും പിജിഐയിലെ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട സിമി സിങ്ങിന് കരള്‍ രോഗമാണെന്ന് കണ്ടെത്തുകയായിരുന്നു.
കരള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ അവയവം മാറ്റി വയ്ക്കലാണ് വഴി എന്നു വന്നതോടെ സെപ്റ്റംബര്‍ 3 മുതല്‍ അദ്ദേഹത്തെ ഗുരുഗ്രാമിലെ Medanta ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിമിയുടെ ഭാര്യയായ അഗംദീപ് കൗര്‍ തന്റെ കരളിന്റെ ഒരു ഭാഗം നല്‍കാന്‍ തയ്യാറാണ്. എത്രയും വേഗം കരള്‍ മാറ്റിവച്ച് ആരോഗ്യത്തോടെ തിരികെയെത്താമെന്ന പ്രതീക്ഷയിലാണ് സിമിയും ബന്ധുക്കളും.