ഡബ്ലിൻ: സ്റ്റില്ലോർഗൻ ക്രിക്കറ്റ് ക്ലബ് (സാൻഡിഫോർഡ് സ്‌ട്രൈക്കേഴ്‌സ് ) ന്റെ നേതൃത്വത്തിൽ ഈ വരുന്ന ശനിയാഴ്ച (07/09/24) നു അയർലണ്ടിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഓൾ അയർലൻഡ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് -“ഡബ്ലിൻ പ്രീമിയർ ലീഗ് ഫോർ വയനാട്” സംഘടിപ്പിക്കുന്നു . ഡബ്ലിനിലെ ALSAA സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന കായിക മാമാങ്കത്തിൽ വിവിധ കൗണ്ടികളിൽ നിന്നടക്കം 16 ടീമുകൾ പങ്കെടുക്കും . ടൂർണമെന്റ് സംഘടിപ്പിച്ചു ലഭിക്കുന്ന മുഴുവൻ തുകയും CMDRF -Re-Build Wayanad ഫണ്ടിലേക്ക് കൈമാറും. കൂടാതെ ടൂർണമെന്റിൽ വിജയികളാകുന്ന ടീമിന് ഷീല പാലസ് റെസ്റ്റോറന്റ് സ്പോൺസർ നൽകുന്ന €501 യൂറോയും , രണ്ടാം സ്ഥാനം നേടുന്ന ടീമിന് €301 യൂറോയും ആണ് സമ്മാന തുക . ടൂർണ്ണമെന്റിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു .
കേരളം കണ്ട ഏറ്റവും വലിയ ഉരുൾ പൊട്ടൽ ദുരന്തം കഴിഞ്ഞു ഒരു മാസം പിന്നിടുന്ന ഈ വേളയിലും മലയാള മണ്ണിനോടും ദുരന്ത ബാധിതരോടും ഉള്ള ചേർത്തുപിടിക്കലിനായാണ് അയർലണ്ടിന്റെ പ്രവാസ മണ്ണിലും ദുരിതാശ്വാസ ഫണ്ടിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് സ്റ്റില്ലോർഗൻ ക്രിക്കറ്റ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. തുടക്കത്തിൽ സാൻഡിഫോർഡ് സ്‌ട്രൈക്കേഴ്‌സ് എന്ന പേരിൽ ആരംഭിച്ച cricket ടീം കഴിഞ്ഞ വർഷമാണ് Stillorgan ക്രിക്കറ്റ് ക്ലബ് ആയി രജിസ്റ്റർ ചെയ്ത് കായിക പ്രവർത്തനം വ്യാപിപ്പിച്ചത്. ബ്ലാക്ക്‌റോക്ക് ,സ്റ്റില്ലോർഗൻ , സാൻഡിഫോർഡ് മേഖലയിലുള്ള നൂറു കണക്കിന് മലയാളികൾ ഇതിനോടകം ക്ലബ്ബിൽ അംഗത്വം എടുത്തു കഴിഞ്ഞു.