‘മുമ്പ് പറയാതിരുന്ന പലതും പറയാൻ എനിക്കിപ്പോൾ സ്വാതന്ത്ര്യമുണ്ട്’; ലിയോ വരദ്കറുടെ ആത്മകഥ വരുന്നു

മുന്‍ ഐറിഷ് പ്രധാനമന്ത്രിയും, മുന്‍ Fine Gael നേതാവുമായിരുന്ന ലിയോ വരദ്കര്‍ ആത്മകഥ എഴുതുന്നു. തന്റെ രാഷ്ട്രീയചരിത്രം പറയുന്ന, ഒരു ഓര്‍മ്മപ്പുസ്തകത്തിന് സമാനമായ ആത്മകഥ 2025-ല്‍ പുറത്തിറങ്ങുമെന്ന് വരദ്കര്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും ഓര്‍മ്മയുള്ളപ്പോള്‍ തന്നെ കടലാസിലേയ്ക്ക് പകര്‍ത്തുന്നത് താന്‍ വളരെയധികം ആസ്വദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രമുഖ പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സിന്റെ കീഴില്‍ വരുന്ന Sandycove ആണ് വരദ്കറുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പാര്‍ട്ടി നേതൃസ്ഥാനവും, പ്രധാനമന്ത്രി സ്ഥാനവും രാജിവയ്ക്കുന്നതായി വരദ്കറില്‍ നിന്നും അപ്രതീക്ഷിത പ്രഖ്യാനമുണ്ടാകുന്നത്. വ്യക്തിപരവും, രാഷ്ട്രീയപരവുമായ കാരണങ്ങളാലാണ് സ്ഥാനങ്ങള്‍ രാജിവയ്ക്കുന്നത് എന്ന് പ്രഖ്യാപിച്ച വരദ്കര്‍, പിന്നീട് രാഷ്ട്രീയജീവിതം അവസാനിപ്പിക്കുന്നതായും വ്യക്തമാക്കിയിരുന്നു. പിന്നാലെ പാര്‍ട്ടി നേതാവായും, പ്രധാനമന്ത്രിയായും സൈമണ്‍ ഹാരിസിനെ തെരഞ്ഞെടുക്കുകയും ചെയ്തു.

ഓഫീസില്‍ ഇരുന്ന കാലത്ത് പറയാന്‍ സാധിക്കാതിരുന്ന പലതും തുറന്നുപറയാന്‍ ഇപ്പോള്‍ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്ന് പുസ്തകവുമായി ബന്ധപ്പെട്ട് വരദ്കര്‍ പറഞ്ഞു. തനിക്കുണ്ടായ നേട്ടങ്ങള്‍ പോലെ തെറ്റുകളും സമ്മതിക്കാന്‍ ഇപ്പോള്‍ സാധിക്കും.

രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയക്കാരില്‍ ഒരാളുടെ പിന്നാമ്പുറക്കഥകള്‍ അറിയാനുള്ള അപൂര്‍വ്വ അവസരമാണ് വരദ്കറുടെ ആത്മകഥയിലൂടെ വായനക്കാര്‍ക്ക് ലഭ്യമാകുകയെന്ന് പ്രസാധകരായ Sandycove പറഞ്ഞു.ഈ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്നതില്‍ വളരെയധികം അഭിമാനിക്കുന്നതായും സ്ഥാപനം കൂട്ടിച്ചേര്‍ത്തു. ഇന്ത്യൻ വംശജനായ വരദ്കർ, അയർലണ്ടിന്റെ ആദ്യ ‘ഗേ’ പ്രധാനമനമന്ത്രി എന്ന നിലയിലും ചരിത്രം സൃഷ്ടിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: