പാടുവാനേവരും കൂടൊന്നുകൂടിയാല്‍ ഓണപ്പാട്ടൊന്നു നമുക്കുപാടാം
നല്ലൊരുനാളിന്റെ ഓര്‍മയുണര്‍ത്തി ഒത്തൊരുമിക്കാനൊരോണമെത്തി
ഓണത്തെപ്പറ്റി ഐതിഹ്യം പലതുണ്ട് പണ്ടുമുതല്‍ക്കേ പലവിധത്തില്‍
കേരളനാട് വാണരുളിപണ്ടു മാവേലിയെന്നൊരസുരരാജന്‍
ആനന്ദചിത്തര്‍ പ്രജകളെല്ലാമന്ന് അല്ലലില്ലാര്‍ക്കുമീനാട്ടിലന്ന്
വഞ്ചനയില്ല ചതികളില്ല നമ്മുടെ നാടന്നു സ്വര്‍ഗ്ഗതുല്യം
ആ നല്ലനാളിന്റെ ഓര്‍മ്മപുതുക്കലീ പൊന്നിന്‍ചിങ്ങത്തിലെ പൊന്നോണനാള്‍
വിളവെടുപ്പിന്‍ന്റെ മഹോത്സവം തന്നെയീ ചിങ്ങക്കൊയ്ത്തുകഴിയുംകാലം
കര്‍ക്കിടകത്തിലെ മഴയൊക്കെ തോര്‍ന്നിട്ടു മാനംതെളിഞ്ഞൊരാ ചിങ്ങമെത്തും
പാടമൊക്കെകൊയ്തു കറ്റമെതിച്ചു കളപ്പുരയൊക്കെ നിറയുമപ്പോള്‍.
ചിങ്ങമാസത്തിലെ അത്തംമുതല്‍ പത്തുനാള്‍ പിന്നിട്ടാല്‍ ഓണമായി
പലതരം പൂക്കള്‍തന്‍ ഉദ്യാനമായ്മാറും തൊടിയും പറമ്പും നമുക്കുചുറ്റും
പൂക്കൂടകെട്ടിട്ടു പൂക്കള്‍പറിക്കുവാന്‍ പോയിടും കുട്ടികള്‍ കൂട്ടമായി
പൂവേപൊലി പൂവേപൊലി എന്നുപാടി ഓടിനടന്നവര്‍ പൂവിറുക്കും
തുമ്പയും,തുളസിയും. തെച്ചിയുമൊക്കെയായ് പൂക്കുടയൊക്കെ നിറയും വേഗം
ചാണകം കൊണ്ട് മെഴുകിയ മുറ്റത്തു വട്ടത്തില്‍ വൃത്തിയായ് പൂക്കളിടും
അത്തത്തിന്നന്നുതുടങ്ങുന്ന പൂവിടല്‍ തിരുവോണനാള്‍വരെ നീണ്ടുനില്‍ക്കും
ഓണത്തപ്പന്‍തന്‍ രൂപവുമുണ്ടാക്കും മണ്ണുകുഴച്ചു പരുവമാക്കി
വീട്ടുകാരൊക്കെയും ഒത്തുകൂടിടുന്ന നല്ലദിനങ്ങളീ ഓണക്കാലം
പാടോം പറമ്പും കളിയരങ്ങാക്കി കുട്ടികള്‍ പാറിപ്പറക്കുമപ്പോള്‍
മുറ്റത്തെ ചക്കരമാവിലെ ഊഞ്ഞാലില്‍ ആകാശം മുട്ടെ പറന്നുപൊങ്ങും
ഓണനാളെത്തിയാല്‍ കളികള്‍പലതുണ്ട് ആഘോഷമൊന്നു കൊഴുപ്പിക്കുവാന്‍
ഓണത്തിനേറെ പൊലിമയേകാന്‍ പുലികളിയുണ്ട് പലയിടത്തും
ദേഹത്ത് ചായങ്ങള്‍ തേച്ചുവച്ച് താളത്തില്‍തുള്ളും മനുഷ്യപ്പൂലി
താളത്തിനൊത്തു ചുവടുവച്ചു കുംഭകുലുക്കി പുലികളെത്തും
കുമ്മാട്ടിപ്പുല്ലുകള്‍ കെട്ടിവച്ച് പാട്ടുമായെത്തും കുമ്മാട്ടിക്കൂട്ടം
ചേലമുറുക്കീട്ടു തറ്റുടുത്തു ഓണത്തല്ലും നടത്തും ചിലര്‍
ആട്ടക്കളത്തില്‍ കൈപരത്തി അടിയും തടയുമി ഓണത്തല്ല്.
കണ്ണുകെട്ടി കയ്യില്‍ വലിയൊരുകമ്പുമായ് ഉറിയടിയെന്ന കളിയുമുണ്ട്
സ്ത്രീകള്‍ക്കായുണ്ട് തിരുവാതിര സംഘമായ് കൈകൊട്ടി പാടുമിവര്‍
വട്ടത്തില്‍ ലളിതമായ് ചുവടുവച്ച് ലാസ്യഭാവത്തില്‍ കളിക്കുമിവര്‍
വള്ളംകളിയുമുണ്ടോണനാളില്‍ കായലിന്‍ ഓളപ്പരപ്പിലൂടെ
കായല്‍പ്പരപ്പില്‍ തുഴയെറിഞ്ഞു ചാട്ടുളിപോല്‍പായും ചുണ്ടന്‍വള്ളം
തുഴയുന്നോര്‍ക്കാവേശമേകിടുവാന്‍ ഉച്ചത്തിലാര്‍പ്പുവിളിക്കും ജനം
ഓണത്തിനേറെ പ്രധാനമാണ് വിഭവസമൃദ്ധമാം ഓണസദ്യ
പച്ചക്കറികളും പായസവും പഴവും അതിന്‍കൂടെ പപ്പടവും
ചിട്ടയായ് ഒരോരോസ്ഥാനങ്ങളില്‍ തൂശനിലയില്‍ വിളമ്പിടുന്നു
പായസം പലതുണ്ട് പകരുവാനായ് ഓണസദ്യ കെങ്കേമമാക്കാന്‍
വീട്ടുകാരൊക്കെയും ഒത്തുചേര്‍ന്ന് ആസ്വദിച്ചുണ്ണുമീ ഓണസദ്യ
തീരില്ലാഘോഷങ്ങള്‍ തിരുവോണനാള്‍ ചതയനാള്‍ വരെ അത് നീണ്ടുനില്‍ക്കും
നാടുവിട്ടേറെ അകലെയാണെങ്കിലും ഓണം നമുക്കിന്നും നല്ലൊരോര്‍മ്മ