പുതിയ റിക്രൂട്ട്‌മെന്റ് കാംപെയിന്‍ നടത്തിയിട്ടും രാജ്യത്തെ പൊലീസ് സേനയായ ഗാര്‍ഡയില്‍ അംഗങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഗാര്‍ഡയുടെ അംഗബലം 15,000 ആക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഇതോടെ ഇനിയും താലതാമസം നേരിടുമെന്നാണ് കരുതുന്നത്. ജൂലൈ അവസാനമുള്ള കണക്ക് പ്രകാരം 14,064 ആണ് ഗാര്‍ഡയുടെ അംഗബലം. ജൂണ്‍ മാസത്തെക്കാള്‍ 35 പേര്‍ കുറവാണിത്. 2020-ലെ ആദ്യ പകുതിയില്‍ ഗാര്‍ഡയില്‍ 14,750 പേര്‍ ഉണ്ടായിരുന്നു.
ഈ വര്‍ഷം ആദ്യം സേനയിലുണ്ടായിരുന്ന അംഗങ്ങളെക്കാള്‍ കുറവാണ് നിലവിലുള്ളതെന്ന് The Irish Times റിപ്പോര്‍ട്ട് ചെയ്യുന്നു. രാജികള്‍, വിരമിക്കലുകള്‍, ഗാര്‍ഡ കോളജില്‍ എത്തുന്ന പുതിയ അംഗങ്ങളുടെ എണ്ണം പ്രതീക്ഷിച്ചതിലും കുറഞ്ഞത് മുതലായവ കാരണമാണ് അംഗബലം കൂട്ടാന്‍ സേനയ്ക്ക് സാധിക്കാതെ വന്നിരിക്കുന്നത്. കോവിഡാനന്തരം രണ്ട് വര്‍ഷമായി വലിയ രീതിയില്‍ ഗാര്‍ഡ റിക്രൂട്ട്‌മെന്റ് നടത്താന്‍ സാധിക്കാതെ വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ വര്‍ഷവും 200 പേരെ വീതം പുതുതായി ഗാര്‍ഡ കോളജിലേയ്ക്ക് റിക്രൂട്ട് ചെയ്യാനുള്ള സേനയുടെ ശ്രമം ഇതുവരെ ഫലം കണ്ടിട്ടില്ല.
ഗാര്‍ഡയില്‍ ജോലി ചെയ്യുന്നതിന് പകരമായി ആളുകള്‍ മറ്റ് പൊതു, സ്വകാര്യ ജോലികള്‍ തേടിപ്പോകുന്നത് പ്രശ്‌നം സൃഷ്ടിക്കുന്നതായും സേന പറയുന്നു. തൊഴില്‍മേഖലയിലെ ഈ മത്സരം ഗാര്‍ഡയ്ക്ക് തലവേദനയാകുന്നുണ്ട്. അതേസമയം എല്ലാ വര്‍ഷവും റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നുമുണ്ട്.
രാജ്യത്തെ ഗാര്‍ഡയുടെ സേനാബലം എത്രയും പെട്ടെന്ന് 15,000 ആക്കുകയും, കൂടിവരുന്ന ജനസംഖ്യയ്ക്ക് ആനുപാതികമായി 18,000 ആക്കുകയും വേണമെന്ന് ഗാര്‍ഡ കമ്മീഷണര്‍ ഡ്രൂ ഹാരിസ് പറഞ്ഞിരുന്നു. നിര്‍ബന്ധിത വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിച്ചത് അടക്കമുള്ള മാറ്റങ്ങളിലൂടെ കൂടുതല്‍ പേരെ സേനയിലേയ്ക്ക് ആകര്‍ഷിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുമുണ്ട്. വിരമിക്കല്‍ പ്രായം ഈയിടെയാണ് 60-ല്‍ നിന്നും 62 ആയി ഉയര്‍ത്തിയത്. പുതിയൊരു ബാച്ച് ഗാര്‍ഡ ഈ മാസം അവസാനത്തോടെ പരിശീലനം പൂര്‍ത്തിയാക്കി ഗാര്‍ഡ കോളജില്‍ നിന്നും ഇറങ്ങാനിരിക്കുകയാണ്.