ഡബ്ലിനിലെ ട്രാഫിക് രംഗത്ത് വീണ്ടും മാറ്റങ്ങളുമായി സിറ്റി കൗണ്‍സില്‍. നഗരത്തിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകളില്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് മറ്റ് ഡ്രൈവര്‍മാരെ ഓര്‍മ്മിപ്പിക്കുന്ന സിഗ്നല്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. സിഗ്നലുകളില്‍ ഇടത്തോട്ട് തിരിയാന്‍ ശ്രമിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക്, ഓറഞ്ച് നിറത്തിലുള്ള മിന്നുന്ന ‘arrow’ അയാളം കൊണ്ടാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. സൈക്കിള്‍ യാത്രക്കാര്‍ക്ക് ആദ്യം തിരിയാന്‍ അവസരം നല്‍കണം എന്നാണ് ഈ സിഗ്നലിന്റെ അര്‍ത്ഥം.
ജങ്ഷനുകളില്‍ വാഹനങ്ങള്‍ തിരിയുമ്പോള്‍, സൈക്കിളുകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന നിയമം ഓര്‍ക്കാനാണ് ഈ സംവിധാനമെന്ന് കൗണ്‍സില്‍ വ്യക്തമാക്കുന്നു. പുതിയ സിഗ്നല്‍ സംവിധാനം റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുമെന്ന് കരുതുന്നതായി എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ സിറ്റി കൗണ്‍സില്‍ പറഞ്ഞു.
പുതിയ സിഗ്നല്‍ കണ്ടാല്‍ ഇടത്തോട്ട് തിരിയുന്ന വാഹനങ്ങള്‍ നിര്‍ത്തിയ ശേഷം, ഏതെങ്കിലും സൈക്കിളുകള്‍ തിരിയാനുണ്ടോ എന്ന് നോക്കണം. അഥവാ ഉണ്ടെങ്കില്‍ അവയെ തിരിയാന്‍ അനുവദിച്ച്, അവര്‍ ജങ്ഷന്‍ കടന്ന ശേഷം മാത്രമേ വാഹനം എടുക്കാവൂ.