കെനിയയിലെ നയ്റോബിയിലെ പ്രധാന അന്താരാഷ്ട്ര എയർപോർട്ടിൽ അദാനിക്ക് എതിരായ പ്രതിഷേധത്തിൽ നിരവധി സർവീസുകൾ മുടങ്ങി. Jomo Kenyatta International Airport (JKIA) 30 വർഷക്കാലത്തേക്ക് നടത്തിപ്പിനായി ഏറ്റെടുക്കാനുള്ള ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ നീക്കത്തിന് എതിരായി കെനിയൻ വ്യോമമേഖലയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ സമരം ആരംഭിച്ചത്തോടെയാണ് രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ നിലച്ചത്. മറ്റ് പ്രാദേശിക എയർപോർട്ടുകളെയും സമരം ബാധിച്ചിട്ടുണ്ട്.
അദാനി തിരികെ പോകുക എന്നെഴുതിയ പ്ലക്കാർഡുകളും മറ്റും ഏന്തിയാണ് എയർപോർട്ട് ജോലിക്കാർ സമരം നടത്തുന്നത്. വളരെ കുറഞ്ഞ സർവീസുകൾ മാത്രമേ ഇപ്പോൾ നടത്തുന്നുള്ളൂ എന്നും, പ്രശ്നപരിഹാരത്തിനു ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും Kenya Airports Authority അറിയിച്ചു.
അതേസമയം വിമാന താവളം ഏറ്റെടുക്കാനുള്ള അദാനി- കെനിയൻ സർക്കാർ കരാർ കെനിയയിലെ ഹൈക്കോടതി ഇടപെട്ട് തിങ്കളാഴ്ച താൽക്കാലികമായി റദ്ദാക്കിയിരുന്നു. എയർപോർട്ടിൽ നിലവിൽ പറ്റാവുന്നതിലും അധികം യാത്രക്കാർ വരുന്നു എന്നും, വികസനം ആവശ്യമാണ് എന്നും കാട്ടിയായിരുന്നു സർക്കാർ ജൂണിൽ കരാർ ഒപ്പിട്ടത്. തുടർന്ന് 30 വർഷത്തെ ഏറ്റെടുക്കലിനൊപ്പം പുതിയ റൺവേ നിർമ്മിക്കും എന്നും, പാസഞ്ചർ ടെർമിനൽ വിപുലീകരിക്കും എന്നും അദാനി ഗ്രൂപ്പ് പറഞ്ഞിരുന്നു. എന്നാൽ സ്വദേശികൾക്ക് തൊഴിൽ നഷ്ടം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കെനിയയിലെ ട്രേഡ് യൂണിയനുകൾ സമരം ആരംഭിക്കുകയായിരുന്നു.