ആപ്പിളിൽ നിന്നും ലഭിക്കുന്ന 13 ബില്യൺ ടാക്സ് തുക വീടുകൾ നിർമ്മിക്കാൻ ചിലവിടണം: മന്ത്രി ഒബ്രിയൻ

ഇയു കോടതി വിധി പ്രകാരം ടെക് ഭീമനായ ആപ്പിള്‍ ടാക്‌സ് ഇനത്തില്‍ അയര്‍ലണ്ടിന് നല്‍കുന്ന 13 ബില്യണ്‍ യൂറോ, രാജ്യത്ത് ഹൗസിങ് അടക്കമുള്ള സൗകര്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന് ഭവനവകുപ്പ് മന്ത്രി ഡാര ഒബ്രിയന്‍. നേരത്തെ ആപ്പിളിന് അയര്‍ലണ്ടില്‍ നിന്നും നിയമപരമല്ലാതെ ലഭിച്ച ടാക്‌സ് ഇളവുകള്‍ റദ്ദാക്കിക്കൊണ്ടാണ് ഇവ തിരിച്ചടയ്ക്കാന്‍ കോടതി കമ്പനിയോട് ഉത്തരവിട്ടിരിക്കുന്നത്. ഇതിന് പിന്നാലെ ഭീമമായ തുക രാജ്യം എത്തരത്തില്‍ ഉപയോഗിക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഒബ്രിയന്റെ പ്രതികരണം.

ഈ തുക എങ്ങനെ വിനിയോഗിക്കണമെന്ന കാര്യം സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും, എന്നാല്‍ തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഹൗസിങ്ങിനായി ഇത് ചെലവിടണമെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥാ മാറ്റം സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്കായി ഫണ്ട് ചെലവഴിക്കുന്ന കാര്യവും പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഭവനമേഖലയില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ നിക്ഷേപം ഈ വര്‍ഷം സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും ഒബ്രിയന്‍ പറഞ്ഞു. അതിന്റെ ഫലം കണ്ടുതുടങ്ങിയതായും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം പ്രധാന വെല്ലുവിളികള്‍ ഇപ്പോഴും ബാക്കിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: