സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. കടുത്ത പനിയെ തുടർന്ന് ഏതാനും ദിവസങ്ങളായി ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു 72-കാരനായ യെച്ചൂരി. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായെങ്കിലും പിന്നീട് ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് നില വഷളായത്തോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടതായി വന്നിരുന്നു.
2015-ല്‍ പ്രകാശ് കാരാട്ട് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ചുമതല ഒഴിഞ്ഞ ശേഷമായിരുന്നു യെച്ചൂരി ദേശീയ ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. 1992 മുതൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗമാണ്. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യ സഭാ എംപിയും ആയിരുന്നു.
1952 ഓഗസ്റ്റ് 12-ന് ചെന്നൈയിൽ ആണ് യെച്ചൂരി ജനിച്ചത്. പത്രപ്രവർത്തകയായ സീമ ചിഷ്ടി ആണ് ഭാര്യ. രാഷ്ട്രീയം, സമൂഹം, സാമ്പത്തിക രംഗം എന്നിവ അടിസ്ഥാനമാക്കി നിരവധി പുസ്തകങ്ങളും യെച്ചൂരി രചിച്ചിട്ടുണ്ട്.