അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നവരെ കണ്ടെത്താനായി ഗാര്‍ഡ പുറത്തിറക്കിയ പുതിയ ലോറി ക്യാബ് വന്‍ വിജയം. കഴിഞ്ഞ മാസം ഡ്യൂട്ടി ആരംഭിച്ചത് മുതല്‍ ഈ ക്യാബ് വഴി 100-ലധികം നിയമലംഘനങ്ങളാണ് ഗാര്‍ഡ ഇതുവരെ പിടികൂടിയത്.
ഉയരം കൂടിയ വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതടക്കമുള്ള നിയമലംഘനങ്ങള്‍ പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് ലോറിയുടെ ക്യാരിയര്‍ ഇല്ലാത്ത ക്യാബിന്‍ മാത്രമായുള്ള വാഹനം ഗാര്‍ഡ വാങ്ങിയത്. ഉയരം കൂടുതലുള്ളതിനാല്‍ മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരിലേയ്ക്ക് കൃത്യമായ കാഴ്ച ലഭിക്കുമെന്നതാണ് ലോറി ക്യാബിന്റെ പ്രത്യേകത. അലക്ഷ്യമായ ഡ്രൈവിങ് രീതികള്‍ക്ക് തടയിടാനായി ഓഗസ്റ്റില്‍ ആരംഭിച്ച Operation Iompar-ന്റെ ഭാഗമായായിരുന്നു ലോറി വാങ്ങിയത്.

നീല നിറത്തിലുള്ള ഫ്‌ളാഷ് ലൈറ്റുകളാണ് ഈ ലോറി ക്യാബിനുള്ളത്. സ്പീഡ് ലിമിറ്റര്‍ എടുത്തുമാറ്റിയ ഈ വാഹനം ഓടിക്കുന്നത് പ്രത്യേകമായി പരിശീലനം ലഭിച്ച ഗാര്‍ഡയാണ്. ഒപ്പം നിരീക്ഷണം നടത്താന്‍ മറ്റൊരു ഗാര്‍ഡയും ഉണ്ടാകും. രാജ്യത്തെ ഡ്യുവല്‍ കാര്യേജ് വേ, മോട്ടോര്‍വേ എന്നിവിടങ്ങളിലാണ് ഇത് നിരീക്ഷണം നടത്തുന്നത്. ലോറിക്ക് അധികം ദൂരത്തല്ലാതെ വേറൊരു ഗാര്‍ഡ കാറും സഹായത്തിനായി ഉണ്ടാകും. നിയമലംഘനം കണ്ടാല്‍ ഈ കാറിലെത്തുന്ന ഗാര്‍ഡയാണ് വാഹനം നിര്‍ത്തിച്ച് പരിശോധിക്കുക.
സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുക മുതലായ നിയമലംഘനങ്ങളാണ് പ്രധാനമായും പിടികൂടുന്നത്.