അയർലണ്ടിലേയ്ക്കുള്ള മനുഷ്യക്കടത്ത് വർദ്ധിച്ചു; 10 വർഷത്തിനിടെ രക്ഷപ്പെടുത്തിയത് 566 പേരെ

അയര്‍ലണ്ടില്‍ മനുഷ്യക്കടത്ത് വര്‍ദ്ധിച്ചു. 2023-ല്‍ രാജ്യത്ത് മനുഷ്യക്കടത്തിന് ഇരയായ 53 പേരെയാണ് അധികൃതര്‍ രക്ഷപ്പെടുത്തിയത്. 2021-നെക്കാള്‍ 20% അധികമാണിതെന്നും Irish Human Rights and Equality Commission (IHREC)-ന്റെ പുതിയ National Anti-Human trafficking റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ സംഭവങ്ങള്‍ ഇതിലും അധികമാകാനും സാധ്യതയുണ്ട്.

ചുരുങ്ങിയ കാലയളവിനുള്ളില്‍ വലിയ രീതിയിലുള്ള വര്‍ദ്ധനയാണ് മനുഷ്യക്കടത്തിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് അധികൃതര്‍ പറഞ്ഞു. അതേസമയം ഇരകളെ കണ്ടെത്താന്‍ സര്‍ക്കാരും മറ്റ് സംവിധാനങ്ങളും നടത്തുന്ന കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു എന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ 11 വര്‍ഷത്തിനിടെ മനുഷ്യക്കടത്ത് വഴി രാജ്യത്തേയ്ക്ക് എത്തപ്പെട്ടവരില്‍ 8 ശതമാനം പേര്‍ കുട്ടികളാണ്. 2013 മുതല്‍ ഇതുവരെ അധികൃതര്‍ കണ്ടെത്തിയ മനുഷ്യക്കടത്തിന് ഇരകളായ 566 പേരില്‍ 44 കുട്ടികളാണ് ഉള്ളത്. മനുഷ്യക്കടത്തിലെ കുട്ടികളുടെ ഇയു ശരാശരി 15% ആണെങ്കിലും, ഇതിനര്‍ത്ഥം അയര്‍ലണ്ടിലേയ്ക്ക് കുട്ടികള്‍ കടത്തപ്പെടുന്നത് കുറവാണ് എന്നല്ല എന്നും, ഇരകളായ കുട്ടികളെ കൃത്യമായി കണ്ടെത്താനുള്ള സംവിധാനം ഇവിടെയില്ല എന്നാണെന്നും കമ്മീഷന്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

അയര്‍ലണ്ടിലേയ്ക്ക് നടത്തുന്ന മനുഷ്യക്കടത്തില്‍ ഭൂരിഭാഗവും ലൈംഗികചൂഷണം ലക്ഷ്യമിട്ടാണെന്ന് IHREC കമ്മീഷണര്‍ Noeline Blackwell പറഞ്ഞു. സ്ത്രീകളും, പെണ്‍കുട്ടികളുമാണ് മിക്കപ്പോഴും ഇതിന് ഇരകളാകുന്നത്. വംശീയമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളും കൂടുതലായി ചൂഷണം ചെയ്യപ്പെടുന്നു. ഇതിന് പുറമെ തൊഴില്‍ ചൂഷണം, കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കല്‍, വാടകഗര്‍ഭം എന്നിങ്ങനെ അനവധി കാര്യങ്ങള്‍ക്കും മനുഷ്യക്കടത്തിലെ ഇരകളെ ആളുകള്‍ ഉപയോഗിക്കുന്നു.

പൊതുജനങ്ങള്‍ക്കും മനുഷ്യക്കടത്തിന് തടയിടാന്‍ സഹായിക്കാനാകുമെന്ന് അധികൃതര്‍ പറയുന്നു. മനുഷ്യക്കടത്തിന് ഇരകളായി എത്തി രാജ്യത്ത് തൊഴിലെടുക്കുകയോ, കഷ്ടപ്പെടുകയോ ചെയ്യുന്നവരെ കണ്ടാല്‍ അക്കാര്യം പൊതുജനങ്ങള്‍ ഗാര്‍ഡയെ അറിയിക്കണം. അതുവഴി അവരുടെ ജീവന്‍ രക്ഷിക്കാനും, മെച്ചപ്പെട്ട ജീവിതം നല്‍കാനും സാധിക്കുമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.

Share this news

Leave a Reply

%d bloggers like this: