ആശുപത്രി വരാന്തയിലൂടെ നഴ്‌സിങ് യൂണിഫോമില്‍, കൈയില്‍ മരുന്നുകളുമായി നടന്നുനീങ്ങവെ പെട്ടെന്ന് മുന്നിലെ വരാന്ത ഒരു റാംപ് ആയി മാറുകയും, അവിടെ ചുറ്റും നിറയുന്ന കൈയടികള്‍ക്കിടെ മാലാഖയുടെ വസ്ത്രവുമണിഞ്ഞ് സൗന്ദര്യമത്സരത്തിലെ വിജയകിരീടം ചൂടി നില്‍ക്കുകയും ചെയ്‌തൊരു സ്വപ്‌നസമാന യാത്രയാണ് അയര്‍ലണ്ട് മലയാളിയായ റിറ്റി സൈഗോയുടേത്. പ്രത്യേകിച്ചൊന്നും സംഭവിക്കാതെ നീങ്ങിക്കൊണ്ടിരുന്ന ജീവിതത്തില്‍, ആത്മവിശ്വാസത്തോടെ എടുത്ത ഒരൊറ്റ തീരുമാനമാണ് റിറ്റിയെന്ന നഴ്‌സിനെ പ്രഥമ മിസ് കേരളാ അയര്‍ലണ്ട് കിരീടം ചൂടുന്ന ആദ്യ വ്യക്തിയെന്ന ചരിത്രനേട്ടത്തിലേയ്ക്ക് നയിച്ചത്. ഇരുധ്രുവങ്ങളിലെന്ന പോലെ നില്‍ക്കുന്ന നഴ്‌സിങ്, ഫാഷന്‍ എന്നീ രംഗങ്ങള്‍ക്കിടയിലെ നീണ്ട ദൂരം, വെറുമൊരു ചുവട് അകലം മാത്രമായി ഒതുങ്ങുകയാണ് റിറ്റിയുടെ ആത്മവിശ്വാസം സ്ഫുരിക്കുന്ന പുഞ്ചിരിയിലൂടെ. റിറ്റിക്കൊപ്പം മത്സരത്തിൽ പങ്കെടുത്ത ഇരട്ടസഹോദരി റിയ ഫൈനൽ വരെ മികച്ച പ്രകടനം കാഴ്ചവച്ചു എന്നത് മറ്റൊരു അപൂർവ്വത.
തിരുവല്ലയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച റിറ്റിയും, റിയയും ഈ ചരിത്രനിമിഷത്തിലേയ്ക്ക് എത്തിയതിന് പിന്നില്‍ ചെറുതല്ലാത്ത കഷ്ടപ്പാടുകളുടെ ഏണിപ്പടികളുണ്ട്. ഇടറിവീഴാന്‍ തുടങ്ങുമ്പോഴെല്ലാം പിടിച്ച് കയറ്റിയൊരു അമ്മയുണ്ട്, വലിയൊരു തണല്‍മരം പോലെ വല്യമ്മച്ചിയും. സ്വപ്‌നങ്ങള്‍ക്ക് നിറം മങ്ങുന്നുവെന്ന് തോന്നലുണ്ടായപ്പോഴെല്ലാം വറ്റാത്ത ചായത്തിന്റെ കടല്‍ പോലെ പുഞ്ചിരിച്ചുകൊണ്ട് മുന്നോട്ട് നയിക്കാന്‍ കുഞ്ഞനിയത്തി ആന്‍മേരിയും ഉണ്ടായിരുന്നു.
റിറ്റിയുടെ ഇളയസഹോദരി ആന്‍മേരിയുടെ ജനനശേഷമാണ് അമ്മയുമായി അപ്പന്‍ അകലുന്നത്. അപ്പന്‍ പോയെങ്കിലും ആ സ്ഥാനം കൂടി ഏറ്റെടുത്ത അമ്മ മീന, മക്കളെ ചേര്‍ത്തുപിടിച്ച് സധൈര്യം ജീവിച്ചു. 13 വര്‍ഷത്തോളം ഒമാനില്‍ നഴ്‌സായിരുന്ന അമ്മയോടൊപ്പം ചെലവഴിക്കാന്‍ ഏറെ സമയമൊന്നും റിറ്റിക്ക് ലഭിച്ചിരുന്നില്ല. അക്കാലത്ത് അമ്മയുടെ അമ്മയായ കുഞ്ഞൂഞ്ഞമ്മ ചാക്കോ എന്ന വല്യമ്മച്ചിയാണ് റിറ്റിയെയും, റിയയെയും നോക്കി വളര്‍ത്തിയത്. തിരുവല്ലയിലെ പ്ലസ് ടു പഠന ശേഷം അമ്മയുടെ വഴി തെരഞ്ഞെടുത്ത റിറ്റിയും റിയയും ഉഡുപ്പിയില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കി നോയിഡയിലെ ഒരു ആശുപത്രിയില്‍ നഴ്‌സിങ് ജോലിക്കായി ചേര്‍ന്നു. ഫാഷന്‍ രംഗം അതിവിദൂരമായ ഒരു സ്വപ്‌നം പോലുമല്ലായിരുന്നു അക്കാലത്ത് ഇരുവർക്കും.
സിംഗിള്‍ മദറായ അമ്മ മീന വര്‍ഷങ്ങള്‍ നീണ്ട കഷ്ടപ്പാടിലൂടെയാണ് മക്കളെ പഠിപ്പിച്ചത്. തന്റെയും, ഇരട്ടസഹോദരി റിയയുടെയും കാര്യങ്ങള്‍ നോക്കാന്‍ തന്നെ അമ്മ ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കിയാണ് റിറ്റി സഹോദരിക്കൊപ്പം, അനിയത്തി ആന്‍മേരിയുടെ ഭാവിയും, അമ്മയുടെ വിശ്രമവും കണക്കിലെടുത്ത് മെച്ചപ്പെട്ട ശമ്പളത്തിനായി വിദേശത്ത് ജോലി നോക്കാമെന്ന് തീരുമാനമെടുക്കുന്നത്. മൂന്നര വര്‍ഷത്തോളം നോയിഡയിൽ ജോലി ചെയ്ത ശേഷം അയര്‍ലണ്ടില്‍ നഴ്‌സിങ് ജോലിക്കായി ഇരുവരും ശ്രമമാരംഭിച്ചു. അഞ്ചാറ് മാസത്തെ പരിശ്രമത്തിനൊടുവില്‍ അയര്‍ലണ്ടിലെ ഡബ്ലിനിലുള്ള മാറ്റര്‍ പ്രൈവറ്റ് ഹോസ്പിറ്റലില്‍ റിറ്റി നഴ്‌സായി ജോലിയാരംഭിച്ചു. ജനനം മുതല്‍ നിഴല്‍പോലെ കൂടെയുള്ള ഇരട്ടസഹോദരി റിയയും ഒപ്പമെത്തിയോടെ ജീവിതത്തിന്റെ മറ്റൊരു അദ്ധ്യായം ആരംഭിക്കുകയായിരുന്നു.
ആഗ്രഹിച്ച പോലെ മെച്ചപ്പെട്ട ജോലി ലഭിച്ചതോടെ റിറ്റിയുടെയും കുടുംബത്തിന്റെയും സാമ്പത്തികപ്രതിസന്ധികള്‍ക്ക് അയവു വന്നു. ഫാഷന്‍ എന്ന മേഖലയോട് പ്രത്യേകിച്ച് ആകര്‍ഷണമൊന്നും തോന്നിയിരുന്നില്ലെങ്കിലും വസ്ത്രധാരണം, മേക്കപ്പ് തുടങ്ങിയ ദൈനംദിന കാര്യങ്ങളിലെല്ലാം പുതിയ ഫാഷനുകള്‍ പരീക്ഷിക്കാന്‍ റിറ്റിയും സഹോദരിയും തല്‍പരരായിരുന്നു. സാമ്പത്തികമായി മെച്ചപ്പെട്ടപ്പോഴാണ് താന്‍ നല്ല വസ്ത്രം വാങ്ങി ധരിക്കാനും, നല്ല മേക്കപ്പ് ഉപയോഗിക്കാനും തുടങ്ങിയതെന്ന് റിറ്റി പറയുന്നു.
നല്ല ജോലി ലഭിച്ചെങ്കിലും അയര്‍ലണ്ടില്‍ സോഷ്യല്‍ ലൈഫ് കുറവായത് കാരണം അത്യാവശ്യം ബോറടിച്ചു തുടങ്ങിയിരുന്നുവെന്ന് റിറ്റി തുറന്നുപറയുന്നുണ്ട്. അങ്ങനെയിരിക്കെയാണ് ബെസ്റ്റ് ഫ്രണ്ടായ മെര്‍ലിന്‍ മിസ് കേരളാ അയര്‍ലണ്ട് മത്സരത്തെ പറ്റി പറയുന്നതും, അതില്‍ പങ്കെടുക്കാന്‍ പൊയ്ക്കൂടേ എന്ന് ചോദിക്കുന്നതും. ഫാഷനുമായി യാതൊരു ബന്ധവുമില്ലാത്ത ആരും ആദ്യം ചോദിക്കുന്ന ചോദ്യം തന്നെയാണ് റിറ്റിയും ചോദിച്ചത്, ഞാനോ? പക്ഷേ മെര്‍ലിന്റെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിന് വഴങ്ങി റിറ്റി അതിന് തയ്യാറായി. എന്നും കൂടെയുള്ള സഹോദരി റിയയും ഒപ്പം കൂടിയപ്പോൾ ആത്മവിശ്വസമായി.
പക്ഷേ വിചാരിച്ചത് പോലെ ഒട്ടും എളുപ്പമായിരുന്നില്ല ആ യാത്ര. പേരിന് നടത്തുന്ന വെറുമൊരു മത്സരം മാത്രമായിരുന്നില്ല മിസ് കേരളാ അയര്‍ലണ്ട് എന്നത് റിറ്റിക്ക് നന്നായി അറിയാമായിരുന്നു. നമ്മുടെ അയര്‍ലണ്ട്, സൂപ്പര്‍ ഡൂപ്പര്‍ ക്രിയേഷന്‍സ് എന്നിവരുടെ മികച്ച സംഘാടനത്തില്‍ നടന്ന മത്സരം, അന്താരാഷ്ട്ര സൗന്ദര്യമത്സരങ്ങള്‍ക്ക് സമാനമായ രീതികളും, നിബന്ധനകളുമാണ് പിന്തുടര്‍ന്നത്. അതുകൊണ്ടുതന്നെ വളരെ ഗൗരവകരമായ തയ്യാറെടുപ്പുകളും അനിവാര്യമായിരുന്നു.
കേരളീയ ഫാഷന്‍ വസ്ത്രങ്ങള്‍ക്ക് അയര്‍ലണ്ടില്‍ ലഭ്യതക്കുറവുള്ളത് കാരണം കേരളത്തില്‍ നിന്നും പ്രത്യേകമായി പറഞ്ഞ് തയ്യാറാക്കിച്ച വസ്ത്രങ്ങളാണ് മിക്കതും റിറ്റി മത്സരത്തില്‍ അണിഞ്ഞത്. വസ്ത്രങ്ങള്‍ക്ക് പുറമെ ഇത്തരം സൗന്ദര്യമത്സരങ്ങളിലെ പ്രധാന ഇനമായ വിധികര്‍ത്താക്കളുമായുള്ള ചോദ്യോത്തരവേള, റാംപ് വാക്ക്, ആറ്റിറ്റ്യൂഡ് എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങളെ പറ്റിയും ആദ്യ പാഠം മുതല്‍ മനസിലാക്കണമായിരുന്നു. അതിനായി നിരന്തരം യൂട്യൂബ് വീഡിയോകള്‍ കണ്ടു, എണ്ണമില്ലാത്തത്ര ലേഖനങ്ങള്‍ വായിച്ചു. 2024 ഓഗസ്റ്റ് മാസത്തില്‍ നടക്കുന്ന മത്സരത്തിനായി ആറ് മാസം മുന്നേ റിറ്റിയും, റിയയും തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു.
ഒടുവില്‍ മത്സരമെത്തി. എല്ലാത്തിനും തയ്യാറെടുപ്പുകള്‍ നടത്തിയപ്പോഴും റിറ്റിക്ക് മുന്നിലെ വലിയൊരു കടമ്പയായിരുന്നു സഭാകമ്പം- സൗന്ദര്യമത്സരത്തില്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യം. ഒരു സ്റ്റേജിനെയോ ആള്‍ക്കൂട്ടത്തെയോ അഭിമുഖീരിച്ചിട്ട് വര്‍ഷങ്ങളായിരിക്കുന്നു. പക്ഷേ റിറ്റി എപ്പോഴും വിശ്വസിക്കുന്ന ദൈവത്തിന്റെ കൃപയാലെ അതിനെയും മറികടന്നു. ഒടുവില്‍ ഫൈനലില്‍ കിരീടം ചൂടി ചരിത്രം കുറിച്ചു. വിജയിക്കാനായില്ലെങ്കിലും മത്സരത്തിന്റെ ഫൈനല്‍ വരെയെത്തിയ റിയയുടെ പ്രകടനവും, ഈ സഹോദരിമാരുടെ പരിശ്രമത്തിന്റെ പ്രതിഫലനമാണ്.
സൗന്ദര്യമത്സരത്തിലെ വിജയിയായ ശേഷം മുമ്പ് പലപ്പോഴും ബോറായി തോന്നിയിരുന്ന അയര്‍ലണ്ടിലെ ജീവിതം ആസ്വദിച്ചുതുടങ്ങുകയാണ് റിറ്റിയും റിയയും ഇപ്പോള്‍. അതൊരിക്കലും പക്ഷേ മിസ് കേരളാ അയര്‍ലണ്ട് എന്ന നേട്ടത്തില്‍ നിന്നുകൊണ്ടല്ല. മത്സരത്തിന്റെ ഭാഗമായി പരിചയപ്പെട്ട സംഘാടകര്‍ അടക്കമുള്ള നിരവധി പേരുമായി കുടുംബാഗങ്ങളെ പോലൊരു ബന്ധം റിറ്റിയും, റിയയും ഉണ്ടാക്കിയെടുത്തുകഴിഞ്ഞിട്ടുണ്ട്. ആദ്യ മിസ് കേരളാ വിജയിയെ നാളെ എല്ലാവരും മറന്നേക്കുമെന്നും, എന്നാല്‍ ഇവിടെ നിന്നും ലഭിച്ച സൗഹൃദങ്ങള്‍ എക്കാലവും തന്നോടൊപ്പം ഉണ്ടാകുമെന്നും റിറ്റി പറയുമ്പോള്‍ വിജയം ഒരിക്കലും ഈ പെണ്‍കുട്ടിയെ ഭ്രമിപ്പിച്ചിട്ടില്ല എന്ന് വ്യക്തമാണ്.
ഭാവിയെ പറ്റി വ്യക്തമായ ഒരു പ്ലാനും ഒരിക്കലും ഇല്ലാതിരുന്ന റിറ്റി, എല്ലാ ദൈവകൃപയാല്‍ വന്നുഭവിച്ചു എന്നാണ് വിശ്വസിക്കുന്നത്. സൗന്ദര്യമത്സരത്തിലെ വിജയികള്‍ പിന്നീട് സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന പതിവ് രീതി ഉണ്ടെങ്കിലും, സിനിമ ആയാലും, മോഡലിങ്, ഫോട്ടോഷൂട്ട് അടക്കമുള്ളവയായാലും നല്ല പ്രോജക്ടുകള്‍ വന്നാല്‍ മാത്രം തെരഞ്ഞെടുക്കാം എന്നാണ് റിറ്റിയുടെ തീരുമാനം. നിലവില്‍ സോഷ്യല്‍ മീഡിയയില്‍ കുറേ കൂടി സജീവമാകാനും, ഒരു ഇന്‍ഫ്‌ളുവന്‍സറായി വളരാനുമുള്ള തയ്യാറെടുപ്പിലാണ് റിറ്റി.
ഒരിക്കലും സ്വപ്‌നം പോലും കണ്ടിട്ടില്ലാതിരുന്ന ഈ നേട്ടത്തില്‍ എങ്ങനെയെത്തി എന്ന ചോദ്യത്തിന് സ്വതസിദ്ധമായ പുഞ്ചിരിയോടെ റിയ പറഞ്ഞു, എത്ര വൈകിയാലും നമുക്കായി ദൈവം കാത്തുവച്ചിരിക്കുന്ന നന്മകള്‍ നമ്മെ തേടിയെത്താതിരിക്കില്ല. പ്രതിസന്ധികള്‍ക്കിടയിലും മക്കളെ നന്നായി വളര്‍ത്തണമെന്ന് ചിന്തിച്ച ഒരു അമ്മയുടെയും, നന്നായി വളരണമെന്ന വാശിയോടെ ജീവിച്ച മക്കളുടെയും കൂടി നേട്ടമാണിത്. പ്രായം എത്രയായാലും, ജോലി ഏത് തന്നെയായാലും നാം ആഗ്രഹിക്കുന്നത് നേടണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും, അതിനായി സ്വയം വിശ്വസിച്ച് പരിശ്രമിക്കുകയും ചെയ്താല്‍ അത് യാഥാര്‍ത്ഥ്യമാകും എന്ന റിറ്റിയുടെ വാക്കുകള്‍ ലോകമെമ്പാടും ഇത്തരം സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിക്കുന്നവര്‍ക്ക് വലിയ പ്രചോദനമാണ്.
റിറ്റിയുടെ വിജയം, റിയയുടെയും
ജനിക്കുന്നതിന് മുമ്പ് തന്നെ ഒന്നിച്ചവരാണ് റിറ്റിയും, ഇരട്ടസഹോദരിയായ റിയയും; കണ്ടാലും പരസ്പരം തിരിച്ചറിയുക പ്രയാസം. മിസ് കേരളാ അയര്‍ലണ്ടില്‍ കിരീടം ചൂടിയത് റിറ്റി ആണെങ്കിലും ആ വിജയത്തിന് റിയയ്ക്കും തുല്യ അവകാശമുണ്ട്. ചെറുപ്പം മുതല്‍ പഠനവും, അയര്‍ലണ്ടിലേയ്ക്കുള്ള വരവുമെല്ലാം ഒരുമിച്ച് തന്നെ നടത്തിയ സഹോദരിമാര്‍, സൗന്ദര്യമത്സരത്തിലും പരസ്പരം പിന്തുണച്ചുകൊണ്ടാണ് പങ്കെടുത്തത്. കോസ്റ്റിയൂം തിരഞ്ഞെടുക്കുന്നത് മുതല്‍ വീട്ടില്‍ വച്ച് റാംപ് പ്രാക്ടീസ് വരെ ഒരുമിച്ച് ചെയ്തു. തെറ്റുകളില്‍ പരസ്പരം താങ്ങായി, പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പരസ്പരം വിമര്‍ശകരായി. ഒടുവില്‍ റിറ്റി വിജയയിയായപ്പോള്‍ സഹോദരിയെക്കാളും സന്തോഷിച്ചതും റിയ ആയിരുന്നു.
‘പണ്ടുമുതലേ ഞങ്ങള്‍ അങ്ങനെയാണ്. ഒരാള്‍ക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ കൂടുതല്‍ വിഷമിക്കുന്നത് മറ്റേയാളാകും, ഇരട്ടകള്‍ ആയതിനാല്‍ തന്നെ ആഴത്തിലുള്ളൊരു കണക്ഷന്‍ ഞങ്ങള്‍ തമ്മിലുണ്ട്,’ റിയ പറയുന്നു. അപ്പോള്‍ സ്വാഭാവികമായും വിജയത്തിലും സന്തോഷം കൂടുതല്‍ മറ്റേയാള്‍ക്കാകുമല്ലോ…
അയര്‍ലണ്ടിലേയ്ക്ക് കുടിയേറുമ്പോഴാണ് തങ്ങള്‍ ആദ്യമായി രണ്ടിടങ്ങളില്‍ നില്‍ക്കേണ്ടി വന്നതെന്ന് റിയ പറയുന്നു. റിയ ഡബ്ലിനിലെ മാറ്റര്‍ പ്രൈവറ്റ് ഹോസ്പിറ്റലില്‍ ജോലിക്ക് കയറിയപ്പോള്‍, റിറ്റി ജോയിന്‍ ചെയ്തത് ബീക്കണ്‍ ഹോസ്പിറ്റലിലാണ്.
റിറ്റിയെ പോലെ റിയയും മിസ് കേരളാ മത്സരത്തില്‍ നിന്നും കൂടെക്കൂട്ടിയത് സൗഹൃദങ്ങളെയാണ്. സംഘാടകരും, മറ്റ് മത്സരാര്‍ത്ഥികളുമായുമെല്ലാം നല്ല ബന്ധം സ്ഥാപിക്കാനും തുടരാനും തങ്ങള്‍ക്ക് സാധിച്ചതായി റിയ പറയുന്നു. റിറ്റിയെ പോലെ റിയയും ഈ നേട്ടങ്ങളെല്ലാം സമര്‍പ്പിക്കുന്നത് അമ്മ മീനയ്ക്കാണ്. അമ്മയും അപ്പനും രണ്ട് ജാതിയില്‍ പെട്ടവരായതുകൊണ്ടുതന്നെ ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് മീന മക്കളെ പഠിപ്പിച്ചതും വളർത്തി വലുതാക്കിയതും. അമ്മയുടെ അമ്മ മാത്രമാണ് എന്നും താങ്ങായത്. അങ്ങനെ എല്ലാവരാലും എഴുതിത്തള്ളിയിടത്ത് നിന്നും തങ്ങള്‍ മികച്ച ശമ്പളത്തോടുകൂടിയുള്ള ജോലി നേടിയതും, അഭിമാനകരമായ സൗന്ദര്യമത്സരത്തില്‍ മികച്ച പ്രകടനം നടത്തിയതും ഇന്ന് ബന്ധുക്കളെ അതിശയിപ്പിക്കുന്നുണ്ട് എന്ന് റിയ പറയുമ്പോള്‍ ആരോടുമുള്ള ദേഷ്യമല്ല, സ്വപ്രയത്‌നത്തിന്റെ ആത്മവിശ്വാസവും, ദൈവത്തോടുള്ള നന്ദിയുമാണ് ആ വാക്കുകളില്‍ സ്ഫുരിക്കുന്നത്.
ഇത്തവണ കിരീടം നേടാന്‍ സാധിക്കാത്തതില്‍ ചെറിയ വിഷമം തോന്നിയെങ്കിലും, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മത്സരത്തില്‍ വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഈ മിടുക്കി. അതുവരെ മോഡലിങ്ങും ഫോട്ടോഷൂട്ടുമെല്ലാമായി സജീവമാകാനാണ് തീരുമാനം. ഒപ്പം ഏറെ നാളായി മനസിലുള്ള സിനിമാ അഭിനയം എന്ന മോഹത്തിന് പിന്നാലെ ഒരു സഞ്ചാരം നടത്തുമെന്നും റിയ പുഞ്ചിരിയോടെ പറയുന്നു.