ഉത്രാട നാളിൽ മലയാളീസ് ഇൻ സൗത്ത് ടിപ്പററി (MIST) ക്ലോൺമലിൽ സംഘടിപ്പിച്ച “മിസ്റ്റോണം തകർത്തോണം 2K24” അഭൂതപൂർവ്വമായ പങ്കാളിത്തം കൊണ്ടും, വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി.
പൂക്കളവും, തിരുവാതിരയും, മാവേലി തമ്പുരാന്റെ എഴുന്നുള്ളത്തും, ഓണകളികളുമെല്ലാം മലയാളിയുടെ ഗൃഹതുരമായ ഓർമകളെയുണർത്തി. കേരളത്തനിമയുള്ള വസ്ത്രങ്ങളണിഞ്ഞ് ആർപ്പുവിളികളുമായി ഏവരും ഒത്തു കൂടിയപ്പോൾ കേരളത്തിലെ ഒരു കൊച്ചു ഗ്രാമം അയർലണ്ടിൽ പുനർജനിച്ച പോലെ ഒരു പ്രതീതി ഉണ്ടായി. വിഭവസമൃദ്ധമായ ഓണസദ്യ ഏവരുടെയും നാവിനു വിരുന്നേകി.
ഉച്ചക്ക് ശേഷം നടന്ന കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ ആഘോഷത്തിന് പൊലിമയേകി. അയർലണ്ടിലെ പുതുപുത്തൻ ബാൻഡ് ആയ ‘Thakil’ അതിമനോഹരമായ ഈണങ്ങളുമായി ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയപ്പോൾ, ഡി ജെ കാർത്തിക്കിന്റെ ത്രസിപ്പിക്കുന്ന ട്രാക്കുകൾ ഡാൻസ് ഫ്‌ളോറിനെ അക്ഷരാർത്ഥത്തിൽ പൂരപറമ്പാക്കി മാറ്റി. രാവിലെ 10 മണിക്ക് ആരംഭിച്ച ഓണാഘോഷ പരിപാടികൾ രാത്രി 8:30 വരെ നീണ്ടു.