മൈക്കിൾ ആരോഗ്യ ദൃഢഗാത്രനായിരുന്നു. ഏകദേശം ആറടി പൊക്കവും അതിനൊത്ത ബലിഷ്ഠമായ ശരീരവും. ദിവസവും സൈക്കിൾ ചവിട്ടിയാണ് മൈക്കിൾ ജോലിക്കായി വന്നുകൊണ്ടിരുന്നത്. മൈക്കിളിന് കാർ ഉണ്ടായിരുന്നില്ല. കാർ ഓടിക്കാനും അറിയില്ല. മൈക്കിൾ മറ്റുള്ള ഐറിഷ്കാരിൽ നിന്നും മറ്റ് പലതുകൊണ്ടും വ്യത്യസ്തനായിരുന്നു. അയാൾ അവിവാഹിതനാണ്. ജീവിതത്തിൽ ഇന്നേവരെ ഒരു പാർട്ണർ ഉണ്ടായിട്ടില്ല. ഒരു ഗ്ലാസ് ബിയർ പോലും ജീവിതത്തിൽ കുടിച്ചിട്ടില്ല. പുകവലിക്കാറില്ല. ഹോളിഡേയ്സിന് മറ്റുള്ളവരെ പോലെ മറ്റ് രാജ്യങ്ങളിൽ ഉല്ലസിക്കാനായി പോകാറില്ല. അയാൾ മേരിമാതാവിന്റെ ഒരു വലിയ ഭക്തനായിരുന്നു. ജോലിയിൽനിന്ന് അവധിയെടുത്ത് ആകെ പോകാറുണ്ടായിരുന്നത് ലൂർദ്, ഫാത്തിമ പോലുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് മാത്രമായിരുന്നു. അതും പള്ളിയിൽനിന്ന് കൊണ്ടുപോകുന്ന ഗ്രൂപ്പിലെ ഒരു അംഗമായി. യാതൊരു ദുശീലങ്ങളും ഇല്ലാത്ത വിശുദ്ധനായി ജീവിക്കണമെന്ന് ആഗ്രഹിച്ച മനുഷ്യൻ. നാല്പതു വർഷം നീണ്ടുനിന്ന ഷെഫ് എന്ന തന്റെ പ്രൊഫഷണിൽ നിന്നും റിട്ടയർ ചെയ്യാൻ നാല് വർഷങ്ങൾ കൂടി ഉണ്ടായിരുന്നു. ഡബ്ലിനിൽ നിന്ന് അധികം ദൂരെയല്ലാത്ത ഒരു കൊച്ചു പട്ടണത്തിൽ മരിച്ചുപോയ മാതാപിതാക്കളിൽ നിന്ന് കിട്ടിയ ഭവനത്തിൽ ഒറ്റയ്ക്ക് അയാൾ താമസിച്ചുപോന്നു.
അറുപതിലധികം അവധി ദിനങ്ങൾ എടുക്കാതിരുന്നു ബാലൻസ് ഉണ്ടെന്ന് ഒരിക്കൽ സംഭാഷണത്തിനിടയിൽ അയാൾ എന്നോട് പറഞ്ഞു. വർഷത്തിൽ നാലാഴ്ച കഷ്ടി കിട്ടുന്ന അവധി ദിനങ്ങൾ ഇന്ത്യയിൽ പോകാൻ പോലും തികയാതിരുന്ന എനിക്ക് അയാളോട് അസൂയ തോന്നി. എപ്പോൾ ജോലിക്ക് വിളിച്ചാലും വരാൻ റെഡിയായ, ഓവർടൈം ചെയ്യാൻ ഒരു മടിയുമില്ലാത്ത അവധി എടുക്കാത്ത, സിക്ക് വിളിക്കാത്ത ഷെഫ് മൈക്കിൾ! സ്വാഭാവികമായും അയാളുടെ ബാങ്കിൽ നല്ലൊരു തുക ബാലൻസ് ഉണ്ടാവും എന്ന് ഞാൻ ഊഹിച്ചു. ഒരിക്കൽ അയാളുടെ സഹോദരി വാങ്ങിക്കൊടുത്ത പുതിയ സ്മാർട്ട്ഫോണുമായി ജോലിക്ക് വന്നപ്പോൾ ഞാനാണ് അയാൾക്ക് അതിൽ വാട്സപ്പ് ഇൻസ്റ്റാൾ ചെയ്തു കൊടുത്തത്. പിന്നീട് ഒരു കൊച്ചു കുട്ടിയെ പോലെ എല്ലാവർക്കും മെസ്സേജുകൾ അയക്കൽ ആയിരുന്നു മൈക്കിളിന്റെ പണി. പലവിധത്തിലുള്ള ഡിസർട്ടുകൾ ഉണ്ടാക്കാൻ അയാൾക്ക് പ്രത്യേക വൈധഗ്ദ്യമായിരുന്നു. മനോഹരമായി അലങ്കരിച്ചു വെച്ചിരിക്കുന്ന കേക്കുകൾ കാണാൻ തന്നെ നല്ല ഭംഗിയാണ്.
അയാളുടെ ഒരു അവധി ദിനത്തിൽ രാവിലെ 10 മണിക്ക് പതിവില്ലാതെ മൈക്കിൾ കിച്ചണിൽ വന്നു മാനേജറെ കണ്ടു. കുറച്ചു കഴിഞ്ഞു മടങ്ങുന്ന വഴിക്ക് കോറിഡോറിൽ വച്ച് എന്നെ കണ്ടപ്പോൾ “see you later “എന്ന് പറഞ്ഞു കടന്നുപോയി. അല്പസമയത്തിനുശേഷം മാനേജർ എല്ലാവരെയും വിളിച്ചു കൂട്ടി ഞങ്ങളോട് പറഞ്ഞു, മൈക്കിളിന് കാൻസറാണ്! ഫോർത്ത് സ്റ്റേജിൽ എത്തിയിരിക്കുന്നു. ഇനി കുറച്ചുനാൾ അവധിയിലായിരിക്കും, ട്രീറ്റ്മെന്റ് നാളെ തന്നെ തുടങ്ങും.
ഒരു ഇടിത്തീ പോലെ ആ വാക്കുകൾ എന്റെ കാതിൽ പതിച്ചു. ഒരു ദുശീലങ്ങളും ഇല്ലാത്ത, ദിവസവും സൈക്കിൾ ചവിട്ടുന്ന മൈക്കിൾ കാൻസർ ബാധിതനായിരിക്കുന്നു. ഒരു നിമിഷനേരത്തേക്ക് കാൻസർ ബാധിച്ചു വർഷങ്ങൾക്കു മുൻപ് മരിച്ച സഹോദരന്റെ മുഖം മനസ്സിൽ ഓടിയെത്തി. കാൻസർ വരുന്നതിന് ഡോക്ടർമാർ പറയുന്ന കാരണങ്ങൾ ഒന്നും ഒരു കാരണമല്ലല്ലോ എന്നും നിസ്സഹായതയോടെ ഓർത്തു.
കീമോതെറാപ്പിക്ക് വിധേയനായി ഹോസ്പിറ്റലിൽ കഴിയുമ്പോൾ മൈക്കിൾ എനിക്ക് ദിവസേന മെസ്സേജുകൾ അയച്ചു കൊണ്ടിരുന്നു. ബൈബിൾ വചനങ്ങൾ, വിശുദ്ധരുടെ വചനങ്ങൾ, പ്രാർത്ഥനകൾ ഇവയൊക്കെ ആയിരുന്നു എല്ലാ മെസ്സേജുകളുടെയും ഉള്ളടക്കം. എന്റെ ദൈവം എന്നെ കൈവിടില്ല എന്ന ഉറച്ച ബോധ്യം അയാളുടെ ഓരോ മെസ്സേജുകളിലും ഞാൻ വായിച്ചെടുത്തു. ദൈവം തന്നെ രക്ഷിക്കുമെന്ന് അയാൾക്ക് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ ഫോർത്ത് സ്റ്റേജ് കാൻസർ ബാധിച്ച ഒരാളെ രക്ഷപ്പെടുത്താൻ സാധിക്കുമെങ്കിൽ അത് ആധുനിക ശാസ്ത്രത്തിന് മാത്രമാണെന്ന് ഉറച്ച ബോധ്യം ഉണ്ടായിരുന്ന ഞാൻ ആ മെസ്സേജുകൾ വായിച്ച് ഉള്ളിൽ ചെറിയ പുച്ഛത്തോടെ മന്ദഹസിച്ചു.
ഇടവേളകളില്ലാതെ ദിവസവും വാട്സ്ആപ്പ് മെസ്സേജുകൾ വന്നുകൊണ്ടിരുന്നു. അതിലെല്ലാം അയാൾക്കു പറയാനുണ്ടായിരുന്നത് പ്രാർത്ഥനയെയും, ഭക്തിയെയും പറ്റി മാത്രമായിരുന്നു.
പിന്നീട് കുറച്ചുനാൾ കഴിഞ്ഞപ്പോൾ മെസ്സേജുകൾ വരാതായി. അന്വേഷിച്ചപ്പോൾ അയാൾ വളരെ വീക്കായി എന്നറിയാൻ കഴിഞ്ഞു. പക്ഷെ എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല. തികച്ചും സ്വാഭാവികം. ആന്തരികാവയവങ്ങളിലെല്ലാം ബാധിച്ചിരുന്ന കാൻസർ അയാളെ അപ്പാടെ വിഴുങ്ങാൻ വെറും 10 മാസം മതിയായിരുന്നു. “See you later” എന്നു പറഞ്ഞു കൈവീശി പോയ
ഷെഫ് മൈക്കിൾ ഈ ലോകത്തുനിന്ന് മാഞ്ഞു പോയിരിക്കുന്നു.
അവസാന നാളുകളിൽ അയാളുടെ ചിന്തകൾ എന്തായിരുന്നു കാണും? ദൈവമേ നീയെന്തിന് എന്നെ കൈവിട്ടു എന്ന് കുരിശിൽ കിടന്ന ക്രിസ്തുവിനെ പോലെ നിലവിളിച്ച് കാണുമോ? പ്രാർത്ഥനകൾക്ക് ഉത്തരം തരാത്ത ക്രൂരൻ എന്ന് ദൈവത്തോട് പരിതപിച്ചു കാണുമോ? അതോ അവസാനം നിന്റെ ഇഷ്ടത്തിന് ഞാൻ കീഴടങ്ങുന്നു എന്ന് മറ്റു നിവൃത്തിയില്ലാതെ മരണത്തിന് കീഴടങ്ങി കാണുമോ? ആ നിമിഷങ്ങളിൽ സ്വന്തം ജീവിതത്തെ അയാൾ വിലയിരുത്തിയിട്ടുണ്ടാകുമോ? അയാൾ ആഘോഷിക്കാതെ പോയ രാവുകൾ…, ചെയ്യാതെ പോയ യാത്രകൾ… കാണാതെപോയ കാഴ്ചകൾ….
മരണത്തിനു മുമ്പ് ബോധം പതുക്കെ മറയുന്നതിന് മുമ്പുള്ള നിമിഷങ്ങളിൽ നാം ഓരോരുത്തരും സ്വന്തം ജീവിതത്തെ വിലയിരുത്തുന്ന കുറച്ച് എണ്ണപ്പെട്ട നിമിഷങ്ങൾ ഉണ്ടാവും. സംതൃപ്തിയോടെയും സന്തോഷത്തോടെയും മരിക്കാനാവുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം.
നിന്ന നിൽപ്പിൽ അപ്രത്യക്ഷരമാകുന്ന എത്രയോ ജീവിതങ്ങൾ നമുക്ക് ചുറ്റിലും. ഒരു മായക്കാഴ്ച പോലെ മിന്നി മായുന്ന മനുഷ്യജന്മങ്ങൾ.
മൈക്കിളിന്റെ ഫ്യൂണറലിൽ പങ്കെടുക്കാനായി പള്ളിയിൽ എത്തിയപ്പോൾ പള്ളിയങ്കണത്ത് വെച്ച് മൈക്കിളിന്റെ ഒരു സുഹൃത്തിനെ ഞാൻ കണ്ടു. അയാളുടെ പേര് ഡെറിക് എന്നായിരുന്നു. പല തീർത്ഥാടന കേന്ദ്രങ്ങളിലേക്കും പള്ളിയിൽ നിന്ന് ടൂറിന് പോയത് അവർ ഒരുമിച്ചായിരുന്നു. ആ കഥകൾ വളരെ വാചാലമായി എന്നോട് ഡെറിക് വിശദീകരിച്ചു. കൂട്ടത്തിൽ ഇന്ത്യയെക്കുറിച്ചും പലതും ചോദിച്ചറിഞ്ഞു.
പള്ളിമുറ്റത്ത് കുറച്ചു മാറി നിന്നിരുന്ന മൈക്കിളിന്റെ സഹോദരിയുടെ കൈയ്യിൽ ഒരു പിടി പൂക്കൾ കൊടുത്ത് വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ ഞാൻ പലതും ആലോചിക്കുകയായിരുന്നു. മൈക്കിൾ എന്തിനോ വേണ്ടി കൂട്ടി വെച്ചിരുന്ന ഉപയോഗശൂന്യമായി പോയ അയാളുടെ അറുപതിലധികം വരുന്ന അവധി ദിനങ്ങൾ… ഒരു തരത്തിലുള്ള ഉല്ലാസങ്ങൾക്കും ചെലവാക്കാതെ അയാൾ ബാങ്കിൽ കൂട്ടിവെച്ചിരുന്ന അയാളുടെ ബാങ്ക് നിക്ഷേപങ്ങൾ… അയാളുടെ സ്വന്തമായിരുന്നതെല്ലാം ഇന്ന് അയാളോടൊപ്പം കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു. ഡബ്ലിൻ തെരുവുകളിലും, മറ്റു പട്ടണങ്ങളും ആഴ്ചവസാനങ്ങളിൽ പാട്ടും ഡാൻസുമായി മനുഷ്യർ ആഘോഷിക്കുമ്പോൾ ജീവിതം ഒട്ടുംതന്നെ ആഘോഷിക്കാതെ ആ മനുഷ്യൻ കടന്നുപോയിരിക്കുന്നു. പതിനായിരങ്ങൾക്ക് ഭക്ഷണം വെച്ചു വിളമ്പിയ ആ മനുഷ്യന്റെ ശരീരം ഇന്നുമുതൽ ലക്ഷക്കണക്കിന് കൃമികീടങ്ങൾക്ക് ഭക്ഷണമാകാൻ പോകുന്നു.
നമ്മൾ സ്വന്തമായി അനുഭവിക്കുന്നതുവരെ മറ്റൊരാളുടെ ദുഃഖം നമുക്കു ദുഃഖം അല്ല എന്ന് പറയുന്നത് പോലെ തന്നെ മറ്റുള്ളവരുടെ സന്തോഷങ്ങൾ നമ്മൾ അനുഭവിക്കുന്നതുവരെ നമുക്കും സന്തോഷങ്ങൾ അല്ല. സഹോദരി വാങ്ങിക്കൊടുത്തപ്പോൾ മാത്രമാണ് സ്മാർട്ട് ഫോൺ നൽകുന്ന സന്തോഷം മൈക്കിൾ അനുഭവിച്ചറിഞ്ഞത്. ഒരു പിശുക്കനെ പോലെ അയാൾ സ്വന്തം പൈസ കൂട്ടി വെച്ചിരുന്നത് എന്തിനായിരുന്നു? ഇനി ആ പണം അവകാശികൾ ധൂർത്തടിക്കാൻ പോകുന്നത് എന്തിനെല്ലാമായിരിക്കും?
മൈക്കിൾ, നിങ്ങൾക്ക് കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതം തെരഞ്ഞെടുക്കാമായിരുന്നു.
ജീവിതകാലത്ത് മനസ്സിൽ കൊണ്ടുനടന്ന ലോകം ഒരു ഫാന്റസി മാത്രമായിരുന്നെന്ന് ആറടി മണ്ണിനടിയിൽ കിടന്ന് മൈക്കിൾ ഇപ്പോൾ തിരിച്ചറിയുന്നുണ്ടാകും.
– സെബി സെബാസ്റ്റ്യൻ