അയര്‍ലണ്ടില്‍ പെട്രോളിനും, ഡീസലിനും വില കുറഞ്ഞതായി റിപ്പോര്‍ട്ട്. AA Fuel Survey-യുടെ പുതിയ കണക്ക് പ്രകാരം പെട്രോള്‍ വില 7 സെന്റ് കുറഞ്ഞ് ലിറ്ററിന് 1.74 യൂറോ ആയി. ഡീസലിനും സമാനമായി 7 സെന്റ് കുറഞ്ഞ് 1.67 യൂറോ ആയതായാണ് സെപ്റ്റംബര്‍ മാസത്തെ കണക്ക്.
ഇലക്ട്രിക് കാറുകള്‍ ഓടിക്കാനുള്ള ചെലവിലും കുറവ് വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വര്‍ഷം ശരാശരി 857.77 യൂറോ ആണ് ഒരു ഇലക്ട്രിക് കാര്‍ ഓടിക്കാനായി (ശരാശരി 17,000 കിലോമീറ്റര്‍) ഉപഭോക്താവ് നിലവില്‍ ചെലവിടേണ്ടത്. 58 യൂറോ ആണ് ഇക്കാര്യത്തില്‍ കുറവ് വന്നിട്ടുള്ളത്.
ക്രൂഡ് ഓയില്‍ വില കുറഞ്ഞതാണ് പെട്രോള്‍, ഡീസല്‍ വിലക്കുറവിന് കാരണമായി AA Ireland പറയുന്നത്. നവംബര്‍ മാസത്തില്‍ Electric Ireland കൂടുതല്‍ നിരക്ക് ഇളവുകള്‍ പ്രഖ്യാപിക്കുന്നതോടെ ഇലക്ട്രിക് കാര്‍ ഉപയോഗത്തിന് ചെലവ് ഇനിയും കുറയുമെന്നാണ് പ്രതീക്ഷയെന്നും AA Ireland പറയുന്നു.