ഡബ്ലിനിൽ അനവധി പേർ പങ്കെടുത്ത് കുടിയേറ്റ വിരുദ്ധ പ്രതിഷേധം; 19 പേർ അറസ്റ്റിൽ

ഡബ്ലിന്‍ സിറ്റി സെന്ററില്‍ നടന്ന കുടിയേറ്റവിരുദ്ധ പ്രതിഷേധത്തിനിടെ 19 പേരെ അറസ്റ്റ് ചെയ്ത് ഗാര്‍ഡ. വ്യാഴാഴ്ച രാവിലെ മുതലാണ് O’Connell Street-ല്‍ നിന്നും Leinster House-ലേയ്ക്കും, Grafton Street-ലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നത്. 100 ഗാര്‍ഡകള്‍ ഇവിടങ്ങളില്‍ സുരക്ഷയ്ക്കായി എത്തിയിരുന്നു.

ഉച്ചയ്ക്ക് 2.30-ഓടെ Grafton Street-ല്‍ അടക്കം പ്രകടനത്തിനിടെ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായതായി ഗാര്‍ഡ അറിയിച്ചു. തുടര്‍ന്ന് മറ്റ് വഴികളില്ലാതെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടി വന്നതായും, വിവിധയിടങ്ങളില്‍ നിന്നായി 19 പേരെ അറസ്റ്റ് ചെയ്യേണ്ടിവന്നതായും ഗാര്‍ഡ വ്യക്തമാക്കി. വൈകിട്ട് 5 മണിയോടെ O’Connell Bridge-ല്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ പിരിച്ചുവിടേണ്ടിയും വന്നു. ചിലരെ ബലം പ്രയോഗിച്ചും മാറ്റി.

അതേസമയം ക്രമസമാധാനപ്രശ്‌നങ്ങളുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റതായി അറിവില്ലെന്ന് ഗാര്‍ഡ പറഞ്ഞു. സംഭവങ്ങളില്‍ അന്വേഷണം നടത്തുമെന്നും ഗാര്‍ഡ വ്യക്തമാക്കി.

പ്രതിഷേധപ്രകടനങ്ങളെത്തുടര്‍ന്ന് നഗരത്തില്‍ വ്യാപകമായ ഗതാഗതതടസ്സം നേരിട്ടിരുന്നു. ഐറിഷ് പതാകകളും ‘Erin Go Bragh’, ‘You’ll Never Beat the Irish’ എന്നെഴുതിയ ബാനറുകളുമേന്തിയായിരുന്നു പ്രതിഷേധങ്ങള്‍. ജര്‍മ്മനിക്ക് സമാനമായി അതിര്‍ത്തികള്‍ കെട്ടിയടയ്ക്കണമെന്നും പ്രതിഷേധക്കാരിലൊരാള്‍ അഭിപ്രായപ്പെട്ടു.

ഐറിഷ് പാര്‍ലമെന്റ് മന്ദിരമായി Lenister House-ന് മുന്നിലേയ്ക്കും പ്രതിഷേധക്കാര്‍ മാര്‍ച്ച് ചെയ്‌തെത്തി. Molesworth Street-ലാണ് ഇവര്‍ നിലയുറപ്പിച്ചത്.

അതേസമയം സമീപത്തെ Dawson Street, Molesworth Street എന്നിവിടങ്ങളിലായി നൂറിലധികം പേര്‍ പങ്കെടുത്ത വംശീയവിരുദ്ധ പ്രകടനവും നടക്കുന്നുണ്ടായിരുന്നു. ‘തീവ്രവലതുപക്ഷവാദികള്‍ തെരുവുകളില്‍ നിന്നും പിന്‍വാങ്ങുക’ എന്ന മുദ്രാവാക്യങ്ങളും അവര്‍ മുഴക്കി. ഇവിടെയും അനിഷ്ടസംഭവങ്ങള്‍ തടയാന്‍ ശക്തമായ ഗാര്‍ഡ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

Share this news

Leave a Reply

%d bloggers like this: