ഓസ്‌ട്രേലിയയില്‍ സംസ്ഥാന മന്ത്രിയായി ചരിത്രം കുറിച്ച് കോട്ടയം സ്വദേശി ജിന്‍സണ്‍ ആന്റോ ചാള്‍സ്. നോര്‍ത്തേണ്‍ ടെറിറ്ററി സംസ്ഥാനത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജിന്‍സണ്‍, ഓസ്‌ട്രേലിയയില്‍ പ്രാദേശിക മന്ത്രിസ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം കൂടിയാണ് കരസ്ഥമാക്കിയിരിക്കുന്നത്. ഇടത് സ്വഭാവമുള്ള ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച അദ്ദേഹം കായികം, കല, സംസ്‌കാരം, യുവജനക്ഷേമം, ഭിന്നശേഷി എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്.
കോട്ടയം പുന്നത്താനി ചാള്‍സ് ആന്റണി- ഡെയ്‌സി ചാള്‍സ് ദമ്പതികളുടെ മകനായ ജിന്‍സണ്‍, ആന്റോ ആന്റണി എംപിയുടെ സഹോദരപുത്രന്‍ കൂടിയാണ്. 2011-ല്‍ നഴ്‌സിങ് ജോലിക്കായാണ് അദ്ദേഹം ഓസ്‌ട്രേലിയയില്‍ എത്തുന്നത്. പിന്നീട് ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്‌സിറ്റിയില്‍ ലെക്ചററായും ജോലി ചെയ്തു. ഡാര്‍വിന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാണ്.
ഡാര്‍വിനിലെ ടോപ്പ് എന്‍ഡ് മെന്റല്‍ ഹെല്‍ത്തിലെ ക്ലിനിക്കല്‍ കണ്‍സള്‍ട്ടന്റായ ചാലക്കുടി സ്വദേശി അനുപ്രിയയാണ് ജിന്‍സന്റെ ഭാര്യ. എയ്മി കേയ്റ്റ്‌ലിന്‍ ജിന്‍സണ്‍, അന്നാ ഇസബെല്‍ ജിന്‍സണ്‍ എന്നിവര്‍ മക്കള്‍.