അയര്‍ലണ്ടില്‍ അതിശക്തമായ മഴയ്ക്കും, വെള്ളപ്പൊക്കത്തിനുമുള്ള സാധ്യത കണക്കിലെടുത്തുള്ള മുന്നറിയിപ്പ് കൂടുതല്‍ കൗണ്ടികളിലേയ്ക്ക് വ്യാപിപ്പിച്ച് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. നേരത്തെ കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് കൗണ്ടികള്‍ക്ക് മാത്രമായിരുന്നു ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരുന്നതെങ്കില്‍ കാര്‍ലോ, കില്‍ക്കെന്നി, വെക്‌സ്‌ഫോര്‍ഡ് എന്നീ കൗണ്ടികളെ കൂടി അലേര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ ഇന്ന് (ഞായര്‍) രാവിലെ 8 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് മുന്നറിയിപ്പ്. കാര്‍ലോ, കില്‍ക്കെന്നി, വെക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് 1 മണിക്ക് നിലവില്‍ വരുന്ന മുന്നറിയിപ്പ് അര്‍ദ്ധരാത്രി വരെ തുടരും.
അതിശക്തമായ മഴയും ഇടിമിന്നലുമാണ് ഈ കൗണ്ടികളില്‍ ഇന്നുണ്ടാകുകയെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇത് വെള്ളപ്പൊക്കത്തിന് കാരണമാകുകയും, ഡ്രൈവിങ് ദുഷ്‌കരമാക്കുകയും ചെയ്യും. ജനങ്ങള്‍ ജാഗ്രത പാലിക്കണം. കാലാവസ്ഥ നല്ലതാണെങ്കില്‍ മാത്രമേ യാത്ര പുറപ്പെടാവൂ എന്ന് റോഡ് സുരക്ഷാ അതോറിറ്റിയും വ്യക്തമാക്കി.
അതേസമയം ഇന്ന് പുലര്‍ച്ചെ 5 മണി മുതല്‍ രാത്രി 8 മണി വരെ Munster-ലെ എല്ലാ പ്രദേശങ്ങള്‍ക്കും യെല്ലോ വിന്‍ഡ്, റെയിന്‍ വാണിങ്ങുകളും നല്‍കിയിട്ടുണ്ട്. ശക്തമായ മഴയോടൊപ്പം ശക്തിയേറിയ കാറ്റും ഇവിടങ്ങളില്‍ ഉണ്ടാകും.