നിലവിലെ സര്‍ക്കാരിന്റെ വീഴ്ചകള്‍ക്ക് തങ്ങള്‍ പരിഹാരം കാണുമെന്നും, പൊതുതെരഞ്ഞെടുപ്പിന് പാര്‍ട്ടി തയ്യാറായിക്കഴിഞ്ഞുവെന്നും വ്യക്തമാക്കി പ്രതിപക്ഷമായ Sinn Fein-ന്റെ നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ്. അത്‌ലോണില്‍ നടന്ന പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും, ജനങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ട് ലൈവ് സ്ട്രീം വഴി സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. രാജ്യത്ത് പാര്‍ട്ടിയുടെ ജനപ്രീതി വളരെ കുറവാണെന്ന് സര്‍വേ ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് വാര്‍ഷിക സമ്മേളനം നടക്കുന്നത്. നിലവില്‍ 18% ജനപിന്തുണ മാത്രമേ പാര്‍ട്ടിക്കുള്ളൂ എന്നും, ഭരണകക്ഷികളായ Fianna Fail, Fine Gael എന്നിവര്‍ക്കും സ്വതന്ത്രര്‍ക്കും പിന്നിലാണ് Sinn Fein എന്നും കഴിഞ്ഞയാഴ്ച പുറത്തുവന്ന Sunday Times സര്‍വേ വ്യക്തമാക്കിയിരുന്നു.
അതേസമയം പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാണെന്ന്, സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ മക്‌ഡൊണാള്‍ഡ് പറഞ്ഞു. പലസ്തീനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും, ഇസ്രായേലിനെ ഐറിഷ് എയര്‍ സ്‌പേസ് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ പ്രധാനപ്രശ്‌നങ്ങളായ ഭവനപ്രതിസന്ധി പരിഹരിക്കുമെന്ന് പറഞ്ഞ മക്‌ഡൊണാള്‍ഡ്, ജീവിതച്ചെലവ് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ചൈല്‍ഡ് കെയര്‍ ദിവസം 10 യൂറോ നിരക്കില്‍ പ്രാവർത്തികമാക്കും, മിനിമം ശമ്പളം വര്‍ദ്ധിപ്പിക്കും, സ്റ്റുഡന്റ് ഫീസ് നിര്‍ത്തലാക്കും മുതലായവയാണ് മറ്റ് വാഗ്ദാനങ്ങള്‍. National Children’s Hospital പൂര്‍ത്തീകരണം വൈകുന്നതിനെയും പ്രസംഗത്തിൽ മക്‌ഡൊണാള്‍ഡ് വിമര്‍ശിച്ചു.
അയര്‍ലണ്ടിനെ വടക്കന്‍ അയര്‍ലണ്ടുമായി ഒന്നിപ്പിക്കുന്നതിനെ പറ്റി സംസാരിച്ച മക്‌ഡൊണാള്‍ഡ്, അധികാരത്തില്‍ വന്നാല്‍ ഇതിനായി പ്രത്യേകം മന്ത്രിയെ നിയമിക്കുമെന്നും വ്യക്തമാക്കി.