ഡബ്ലിൻ: കിൽകാർബെറി ഗ്രേയ്ഞ്ച് മലയാളി അസോസിയേഷന്റെ (കിഗ്മ) നേതൃത്വത്തിൽ നടന്ന ഓണാഘോഷം- “പൊന്നോണം’2024” ഗംഭീരമായി ആഘോഷിച്ചു. 29/9/2024 ഞായറാഴ്ച വാക്കിൻസ്ടൗൺ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ഓണാഘോഷം സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ മേയർ ശ്രീ.ബേബി പെരേപ്പാടൻ ഉദ്ഘാടനം ചെയ്തു.
ലോകത്തെമ്പാടുമുള്ള മലയാളികളുടെ വികാരമാണ് ഓണമെന്നും ജാതി-മത ഭേദമന്യേ എല്ലാ മലയാളികൾക്കും ഒരേ പോലെ അവകാശപ്പെടാവുന്ന, ആഘോഷമാണ് ഓണാഘോഷമെന്നും പ്രവാസികൾക്ക് ഓണം എന്നത് മാസങ്ങളോളം നീണ്ടു നിൽക്കുന്ന ആഘോഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മുതിർന്നവരും കുട്ടികളും അടക്കം നൂറ്റമ്പതോളം പേർ പങ്കെടുത്ത ഓണാഘോഷ പരിപാടിയിൽ കുട്ടികളുടെ വിവിധ കലാ-കായിക മത്സരങ്ങൾ , നൃത്ത നൃത്യങ്ങൾ , സ്ത്രീകളുടെ തിരുവാതിര, എന്നിവ അരങ്ങേറി.
ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ സ്പോർട്സ് ഡേയിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും നടന്നു. കൂടാതെ എസ്റ്റേറ്റിലെ മികച്ച കർഷകനുള്ള അവാർഡ് വിതരണവും ബഹുമാനപ്പെട്ട മേയർ നിർവഹിച്ചു . ഈ വർഷത്തെ മികച്ച കർഷകനായി ശ്രീ.ജോബി ജോസഫിനെ തിരഞ്ഞെടുത്തു . വിഭവ സമൃദ്ധമായ ഓണസദ്യയും , നാദം ഓർക്കസ്ട്ര- താല അവതരിപ്പിച്ച ഗാനമേളയും, മുതിർന്നവരുടെ വടംവലിയും ആഘോഷത്തിന്റെ മാറ്റു കൂട്ടി.
കിഗ്മ (KIGMA) സെക്രട്ടറി സുഭാഷ് മാത്യു , പ്രസിഡന്റ് സ്റ്റീഫൻ തോമസ്, ട്രെഷറർ ജോബി ജോസഫ്, ജോയിന്റ് സെക്രെട്ടറി ധന്യ സന്തോഷ്, വൈസ് പ്രസിഡന്റ് ഫ്രാൻസിന സിബി, പ്രോഗ്രാം കോഓർഡിനേറ്റർസ് അജോ ഏലിയാസ്, ഈശോ സ്കറിയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.