നീനാ (കൗണ്ടി ടിപ്പററി): നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ ‘തകർത്തോണം 2024’ നീനാ സ്കൗട്ട് ഹാളിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷപരിപാടികൾ Cllr. Louise Morgan Walsh ഉദ്ഘാടനം ചെയ്യുകയും ആഘോഷങ്ങൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു. ഫാ.റെക്സൻ ചുള്ളിക്കൽ, ഫാ.ജോഫിൻ ജോസ് എന്നിവർ സന്നിഹിതരായിരുന്നു.

നിറപ്പകിട്ടാർന്ന നിരവധി കലാകായിക പരിപാടികളാൽ സമൃദ്ധമായിരുന്നു ‘തകർത്തോണം 2024’. ഡ്യൂഡ്രോപ്സ് ഡബ്ലിന്റെ ശിങ്കാരി മേളം, നീനാ ഗേൾസിന്റെ തിരുവാതിര, ഫാഷൻ ഷോ, പുലികളി, ഓണപ്പാട്ടുകൾ എന്നിവ അവയിൽ ചിലത് മാത്രമാണ്. കൂടാതെ അത്തപൂക്കളമൊരുക്കൽ,മഹാബലിയെ വരവേൽക്കൽ, വിഭവ സമൃദ്ധമായ ഓണ സദ്യ തുടങ്ങിയവയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.


കഴിഞ്ഞ ഏതാനും മാസങ്ങളായി കൈരളി അംഗങ്ങൾ നാല് ഗ്രൂപ്പുകളായി തിരിഞ്ഞു വാശിയേറിയ കലാകായിക മത്സരങ്ങൾ നടത്തിവരുകയായിരുന്നു. ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഫലപ്രഖ്യാപനവും അന്നേ ദിവസം ഉണ്ടായി. ടീം അംബാൻ ഒന്നാം സ്ഥാനവും, ടീം തരംഗം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ടീം ഇല്ലുമിനാറ്റിയും, ടീം ആവേശവും ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. വൈകുന്നേരം ആറുമണിയോടെ ആഘോഷ പരിപാടികൾക്ക് തിരശ്ശീല വീണു.


ആഘോഷപരിപാടികള്‍ക്ക് കമ്മറ്റി അംഗങ്ങളായ ഷിന്റോ ജോസ്, സഞ്ജു ബെന്‍, സിനുലാല്‍ വി, തോംസണ്‍ ജോസ്, സോഫി കണ്ണന്, നിഷ രാജേഷ്, രമ്യ സണ്ണി, രോഹിണി അഭിലാഷ് എന്നിവര്‍ നേതൃത്വം നല്കി.

വാർത്ത : ജോബി മാനുവൽ