വാട്ടർഫോർഡ്: വാട്ടർഫോർഡ് ടൈഗേഴ്സ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്രിക്കറ്റ് ക്യാമ്പ് ഒരുക്കുന്നു. അയർലണ്ട് ക്രിക്കറ്റ് ഇതിഹാസം കെവിൻ ഒബ്രിയൻ നേതൃത്വം നൽകുന്ന ക്യാമ്പ് ഒക്ടോബർ 19-ന് 1.30 മുതൽ ബാലിഗണ്ണർ GAA ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടും.
ഭാവി അയർലണ്ട് ക്രിക്കറ്റിനായി ഒരുപിടി മികച്ച കളിക്കാരെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി ടൈഗേഴ്സ് അണിയിച്ചൊരുക്കുന്ന ക്യാമ്പ് ഏറെ ആവേശത്തോടയാണ് രക്ഷകർത്താക്കളും കുട്ടികളും കാത്തിരിക്കുന്നത്. ക്യാമ്പിന്റെ തുടർച്ചയായി കുട്ടികളുടെ കഴിവും പ്രായവും അനുസരിച്ചുള്ള കൂടുതൽ പരിശീലന ക്യാമ്പുകൾ 2025 ജനുവരി മുതൽ സംഘടിപ്പിക്കാൻ ഉള്ള ഒരുക്കങ്ങളുമായി ടൈഗേഴ്സ് മുന്നോട്ട് പോകുന്നു.
ചുരുങ്ങിയ കാലയളവിനുള്ളിൽ അയർലണ്ട് ക്രിക്കറ്റിൽ മികച്ച ടീമായി പേരെടുത്ത ക്ലബിന് പിന്തുണയുമായി 150-ലധികം വർഷം പഴക്കമുള്ള ലിസ്മോർ ക്രിക്കറ്റ് ക്ലബും ക്യാമ്പിൽ പങ്കെടുക്കുന്നു. മുഖ്യ സ്പോൺസേഴ്സ് ആയി KP Sheridan Roofing, Essar Healthcare Limited എന്നിവരും ക്യാമ്പിന്റെ വിജയത്തിനായി ക്ലബിനോടൊപ്പം നിൽക്കുന്നു.