സോഷ്യല്‍ മീഡിയ ഭീമനായ മെറ്റയ്ക്ക് വീണ്ടും വമ്പന്‍ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍. ഇയു കോപംറ്റീഷന്‍ നിയമങ്ങള്‍ ലംഘിച്ചു എന്ന് കാണിച്ചാണ് യൂറോപ്യന്‍ കമ്മീഷന്‍ മെറ്റയോട് 797.72 മില്യണ്‍ യൂറോ പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കിനോട് ഒപ്പം തന്നെ മാര്‍ക്കറ്റ് പ്ലേസ് സംവിധാനം കൂട്ടിച്ചേര്‍ത്തത് കാരണം, ഉപഭോക്താക്കള്‍ക്ക് ആവശ്യമില്ലെങ്കില്‍ പോലും മാര്‍ക്കറ്റ് പ്ലേസിലെ സാധനങ്ങള്‍ കാണാന്‍ സാധിക്കുന്നുവെന്നും, മറ്റ് പരസ്യ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇല്ലാത്തതരം മേല്‍ക്കൈ ഇതിലൂടെ ഫേസ്ബുക്കിന് ലഭിക്കുന്നുവെന്നും യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കി. ഇതിന് പുറമെ മെറ്റാ, വേറെയും മാര്‍ക്കറ്റ് കോംപറ്റീഷന്‍ നിയമങ്ങള്‍ ലംഘിച്ചതായും കമ്മീഷന്‍ ആരോപിച്ചു.
പിഴയൊടുക്കുന്നതിന് പുറമെ ഈ പ്രവണത അവസാനിപ്പിക്കാനും കമ്മീഷന്‍ മെറ്റയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരസ്യം നല്‍കല്‍ നിയമലംഘനമല്ലെന്നും, എന്നാല്‍ വന്‍കിട കമ്പനികള്‍ കോംപറ്റീഷന്‍ ഇത്തരത്തില്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തെറ്റാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.
അതേസമയം കമ്മീഷന്റെ വ്യവസ്ഥ ഇപ്പോള്‍ അംഗീകരിക്കുമെന്നും, എന്നാല്‍ ഇതിനെതിരെ അപ്പീല്‍ പോകുമെന്നും മെറ്റാ പ്രതികരിച്ചു. മാര്‍ക്കറ്റ് പ്ലേസ് നിലനിര്‍ത്തുമെന്നും മെറ്റാ വ്യക്തമാക്കിയിട്ടുണ്ട്. 2016-ല്‍ ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസ് അവതരിപ്പിച്ചതിലൂടെ പ്രത്യേക ചാര്‍ജ്ജുകളൊന്നും കൂടാതെ ആര്‍ക്കും സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കുന്നുണ്ടെന്നും യുഎസ് കമ്പനിയായ മെറ്റാ പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ക്കറ്റ് പ്ലേസ് ഉപയോഗിക്കേണ്ടാത്തവര്‍ക്ക് അങ്ങനെ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കമ്പനി പറയുന്നു.