അയര്‍ലണ്ടില്‍ നവംബര്‍ 29-ന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഭവനപ്രതിസന്ധി, ജീവിതച്ചെലവ് വര്‍ദ്ധന, കുടിയേറ്റം, ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍, ഗാര്‍ഡയുടെ എണ്ണക്കുറവ് എന്നിങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങളാണ് രാജ്യം നിലവില്‍ അഭിമുഖീകരിക്കുന്നത്. പതിവ് പോലെ ഓരോ പ്രശ്‌നത്തിനും പരിഹാരം വാഗ്ദാനം ചെയ്തുകൊണ്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ഇതാ Sinn Fein, Fine Gael, Fianna Fail എന്നീ പാര്‍ട്ടികള്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന വാഗ്ദാനങ്ങള്‍…
Sinn Fein
പ്രധാനപ്രതിപക്ഷമായ Sinn Fein പൊതുവില്‍ ജനപ്രീതിയില്‍ അല്‍പ്പം പിന്നിലാണെന്നാണ് പുറത്തുവരുന്ന സര്‍വേഫലങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ നേതാവായ മേരി ലൂ മക്‌ഡൊണാള്‍ഡോ, പാര്‍ട്ടിയോ അല്‍പ്പം പോലും ആത്മവിശ്വാസക്കുറവ് പ്രകടിപ്പിച്ചിട്ടുമില്ല.
തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താനഭ്യര്‍ത്ഥിക്കുന്ന Sinn Fein മുന്നോട്ടുവയ്ക്കുന്ന രണ്ട് വലിയ വാഗ്ദാനങ്ങള്‍ ഭവനപ്രതിസന്ധി ഇല്ലാതാക്കുമെന്നും, ഹോസ്പിറ്റാലിറ്റി മേഖലയിലെ VAT നിരക്ക് കുറയ്ക്കും എന്നുമാണ്.
കോവിഡിന് ശേഷം ക്ലേശകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് തിരിച്ചടിയാണ് നിലവിലെ 13.5% VAT നിരക്ക്. അധികാരത്തില്‍ വന്നാല്‍ അഞ്ച് വര്‍ഷത്തിനിടെ ഇത് കുറച്ച് പഴയ നിരക്കായ 9 ശതമാനം ആക്കുമെന്നാണ് Sinn Fein പറയുന്നത്.
നിലവിലെ ഭവനപ്രതിസന്ധി പരിഹരിക്കാനായി തങ്ങള്‍ക്ക് ഒരു അവസരം തരണമെന്നും Sinn Fein അഭ്യര്‍ത്ഥിക്കുന്നുണ്ട്. ചൈല്‍ഡ് കെയര്‍ ഒരു കുട്ടിക്ക് ദിവസം 10 യൂറോ നിരക്കില്‍ നടപ്പാക്കുമെന്നും വാഗ്ദാനമുണ്ട്.
കുടിയേറ്റം നിയന്ത്രിക്കാനായി പ്രത്യേക ഇമിഗ്രേഷന്‍ മാനേജ്‌മെന്റ് ഏജന്‍സി രൂപീകരിക്കും എന്നതാണ് Sinn Fein-ന്റെ മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം. നീതിന്യായ-ആഭ്യന്തരകാര്യവകുപ്പിന് കീഴിലാകും ഈ ഏജന്‍സി പ്രവര്‍ത്തിക്കുക. Garda National Immigration Bureau, Border Management Unit, Immigration Service Delivery Unit, International Protection Unit, International Protection Accommodation Services (Ipas), Workplace Relations Commission എന്നിവ ഒത്തുചേര്‍ന്നതായിരിക്കും ഏജന്‍സി എന്നും പാര്‍ട്ടി പറയുന്നു. സര്‍ക്കാര്‍ രൂപീകരിച്ച് മാസങ്ങള്‍ക്കകം ഏജന്‍സിയും പ്രവര്‍ത്തനക്ഷമമാകും.
രാജ്യത്തെ Universal Social Charge (USC) നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ചും Sinn Fein വാഗ്ദാനം നല്‍കുന്നുണ്ട്. ജനങ്ങളുടെ വരുമാനത്തിന്റെ ആദ്യ 45,000 യൂറോയ്ക്ക് USC നിര്‍ത്തലാക്കുമെന്നാണ് പ്രഖ്യാപനം.
ആരോഗ്യമേഖലയിലെ സമൂലമായ പരിഷ്‌കാരം, നഗര, ഗ്രാമ വികസനത്തിനായി വലിയ നിക്ഷേപങ്ങള്‍ നടത്തല്‍, കെയറേഴ്‌സ് അലവന്‍സിനുള്ള മീന്‍സ് ടെസ്റ്റ് നിര്‍ത്തലാക്കല്‍ എന്നിവയും പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നു. പാര്‍ട്ടി ഏറെക്കാലമായി പറയുന്ന അയര്‍ലണ്ട് ഏകീകരണവും പ്രധാന വാഗ്ദാനമാണ്.
Fine Gael
നിലവിലെ സര്‍ക്കാരില്‍ പ്രധാന സഖ്യകക്ഷിയായിരുന്ന Fine Gael-ഉം വാഗ്ദാനങ്ങളുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഹോസ്പിറ്റാലിറ്റി മേഖലയിലെ VAT 13.5 ശതമാനത്തില്‍ നിന്നും 11% ആക്കി കുറയ്ക്കുമെന്നാണ് പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. അതേസമയം ഭരണത്തില്‍ ഇരുന്ന കാലത്ത് Fine Gael നിരക്ക് കുറച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. നേരത്തെയുള്ള VAT ആകട്ടെ 9 ശതമാനവും ആയിരുന്നു.
ചെറിയ ബിസിനസുകളെ സഹായിക്കാനായി PRSI റിബേറ്റ്, ഹോസ്പിറ്റാലിറ്റി സെക്ടറില്‍ എനര്‍ജി ബില്ലുകള്‍ക്ക് സഹായം നല്‍കാനായി 4,000 യൂറോ ഗ്രാന്റ് എന്നിവയാണ് വ്യാപാരികള്‍ക്കുള്ള മറ്റ് പ്രഖ്യാപനങ്ങള്‍. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യ 100 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വ്യാപാരസ്ഥാപനങ്ങളെ സഹായിക്കുന്നതിനുള്ള നടപടികളുണ്ടാകുമെന്ന് നേതാവ് സൈമണ്‍ ഹാരിസ് പറയുന്നു. 50 ജീവനക്കാരില്‍ അധികമുള്ള ബിസിനസുകള്‍ക്ക് മൂന്ന് വര്‍ഷ PRSI റിബേറ്റ് വഴി 33,000 യൂറോയിലധികം ലഭിക്കുമെന്നും അദ്ദേഹം പറയുന്നു.
എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തില്‍ ഡബിള്‍ ചൈല്‍ഡ് ബെനഫിറ്റ് എന്ന വാഗ്ദാനവും ഹാരിസ് മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ വരുന്ന ഡിസംബറിലും ഡബിള്‍ ബെനഫിറ്റ് നല്‍കുമെന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.
ഫാമിലികളുടെ ചൈല്‍ഡ് കെയര്‍ കോസ്റ്റ് മാസത്തില്‍ പരമാവധി 600 യൂറോ ആക്കി കുറയ്ക്കും എന്നതാണ് മറ്റൊരു പ്രഖ്യാപനം. ചൈല്‍ഡ് കെയര്‍ കോസ്റ്റ് മാസം ഒരു കുട്ടിക്ക് പരമാവധി 200 യൂറോ, മൂന്നിലധികം കുട്ടികളുള്ള ഫാമിലിക്ക് പരമാവധി 600 യൂറോ എന്നിങ്ങനെയാക്കി നിജപ്പെടുത്താനാണ് പദ്ധതി. 30,000 പബ്ലിക് ചൈല്‍ഡ്‌കെയര്‍ സംവിധാനങ്ങള്‍ നിര്‍മ്മിക്കുമെന്നും പാര്‍ട്ടി വാഗ്ദാനം നല്‍കുന്നു.
ആപ്പിള്‍ കമ്പനി വഴി ലഭിക്കുന്ന അധിക ടാക്‌സായ 14 ബില്യണ്‍ യൂറോയിലും 10 ബില്യണ്‍ യൂറോ ഹൗസിങ്ങിനായി ചെലവിടുമെന്നും ഹാരിസ് പറയുന്നു. ഫസ്റ്റ്‌ടൈം ബയര്‍ പദ്ധതികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്ന് പറഞ്ഞ അദ്ദേഹം, അടുത്ത ആറ് വര്‍ഷത്തിനിടെ രാജ്യത്ത് പുതുതായി 303,000 വീടുകള്‍ നിര്‍മ്മിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു.
Help-to-Buy grant 30,000-ല്‍ നിന്നും 40,000 യൂറോയായി വര്‍ദ്ധിപ്പിച്ച് 2030 വരെനീട്ടുകയും, First Home Scheme-ല്‍ സെക്കന്‍ഡ് ഹാന്‍ഡ് ഹോമുകളെ കൂടി ഉള്‍പ്പെടുത്തിയത് അഞ്ച് വര്‍ഷത്തേയ്ക്ക് കൂടി നീട്ടുകയും ചെയ്യും.
Fianna Fail
രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായ പൊലീസ് സേനയിലെ എണ്ണക്കുറവ് പരിഹരിക്കുന്നതിനായുള്ള നിര്‍ദ്ദേശമാണ് നിലവിലെ സര്‍ക്കാരിലെ ഭരണപങ്കാളിയായിരുന്ന Fianna Fail മുന്നോട്ട് വച്ചിരിക്കുന്ന വാഗ്ദാനങ്ങളിലൊന്ന്. ഗാര്‍ഡയുടെ അംഗബലം 20,000 ആക്കി വര്‍ദ്ധിപ്പിക്കുമെന്നും, ഗതാഗതമേഖലയ്ക്കായി പ്രത്യേക പൊലീസ് ഫോഴ്‌സ് രൂപീകരിക്കുമെന്നുമാണ് വാഗ്ദാനം. അതായത് അടുത്ത അഞ്ച് വര്‍ഷത്തിനിടെ 5,000 പേരെ കൂടി ഗാര്‍ഡയിലേയ്ക്ക് ചേര്‍ക്കും. ഗാര്‍ഡയ്ക്കായി 236 മില്യണ്‍ യൂറോയാണ് വകയിരുത്തുക. രാജ്യത്തെ ക്രമസമാധാനപരിപാലനം ഉറപ്പ് വരുത്തുമെന്നും വാഗ്ദാനമുണ്ട്.
പാര്‍ട്ടിയുടെ മറ്റൊരു വാഗ്ദാനം വിവാദപരമായ മയക്കുമരുന്ന് കുറ്റകൃത്യമല്ലാതാക്കലുമായി ബന്ധപ്പെട്ടാണ്. സ്വകാര്യ ആവശ്യത്തിന് മയക്കുമരുന്ന് ഉപയോഗിക്കുന്നത് കുറ്റകരമല്ലാതാക്കുമെന്നാണ് Fianna Fail പ്രകടനപത്രികയില്‍ പറയുന്നത്. പകരം മയക്കുമരുന്നുമായി പിടിക്കപ്പെടുന്നവരെ ബോധവല്‍ക്കരണത്തിനും, ചികിത്സയ്ക്കുമായി അയയ്ക്കുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്തും.
ചൈല്‍ഡ് കെയര്‍ കോസ്റ്റ് മാസം ഓരോ കുട്ടിക്കും 200 യൂറോ ആക്കി കുറയ്ക്കും എന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. ഫീസിന്റെ കാര്യത്തില്‍ സുതാര്യത ഉറപ്പുവരുത്താനായി പുതിയ National Childcare Price Register സ്ഥാപിക്കുമെന്നും വാഗ്ദാനമുണ്ട്.
ടാക്‌സ് റെന്റ് ക്രെഡിറ്റ് ഇരട്ടിയാക്കുമെന്നതും പ്രധാന പ്രഖ്യാപനമാണ്.
ഇന്‍കം ടാക്‌സ് റേറ്റിന്റെ എന്‍ട്രി പോയിന്റ് കുറഞ്ഞത് 50,000 യൂറോ ആയി ഉയര്‍ത്തുക, Universal Social Charge (USC) കുറയ്ക്കുക എന്നീ വാഗ്ദാനങ്ങളും പാര്‍ട്ടി നല്‍കുന്നു.
രാജ്യത്തെ നിലവിലെ Inheritance Tax 33 ശതമാനത്തില്‍ നിന്നും 25 ശതമാനമാക്കി കുറയ്ക്കുമെന്നും, ഈ ടാക്‌സ് നല്‍കേണ്ടതിന്റെ ത്രെഷോള്‍ഡ് ഇനിയും വര്‍ദ്ധിപ്പിക്കുമെന്നും Fianna Fail നേതാവ് മീഹോള്‍ മാര്‍ട്ടിന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ ബജറ്റില്‍ ത്രെഷോള്‍ഡ് 400,000 യൂറോ ആക്കി വര്‍ദ്ധിപ്പിച്ചിരുന്നു.
ഇവയ്ക്ക് പുറമെ ആരോഗ്യമേഖലയിലെ പരിഷ്‌കാരം, ആശുപത്രികളില്‍ രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കല്‍, വീടുകളുടെ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കല്‍ എന്നിവയും പ്രകടനപത്രികയിലുണ്ട്.