അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ പടർന്നുപിടിക്കുന്ന മാരകമായ കാട്ടുതീ നിയന്ത്രിക്കാൻ പാടുപെട്ട് അഗ്നിശമന സേന അംഗങ്ങൾ. ആവശ്യത്തിന് വെള്ളം ലഭിക്കുന്നതിൽ കുറവ് ഉണ്ടാകുകയും, വെള്ളത്തിന്റെ അനിയന്ത്രിത ഉപയോഗം ഭൂഗർഭ ജലവിതാനത്തെ ബാധിക്കാമെന്നു ഭരണകൂടം ആശങ്കപ്പെടുന്നുണ്ട്. റിപ്പോർട്ടുകള്‍ പ്രകാരം പ്രദേശത്ത് പടർന്നുപിടിച്ച തീ അണയ്ക്കാൻ ആവശ്യമായ വെള്ളമില്ലാത്തത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തീപിടിത്തം ഉണ്ടായ പല പ്രദേശങ്ങളിലെയും വാട്ടർ ഹൈഡ്രന്റുകളിൽ വെള്ളം തീർന്നതിനാൽ എന്തുചെയ്യണമെന്ന ആശങ്കയിലാണ് പ്രാദേശിക ഭരണകൂടങ്ങൾ.
കാട്ടുതീ പടർന്നുപിടിച്ച പസിഫിക് പാലിസേഡ്‌സ് മേഖലയിൽ, ഇത്തരത്തിൽ നിരവധി വാട്ടർ ഹൈഡ്രന്റുകൾ വെള്ളം തീർന്നും മറ്റും പ്രവർത്തനരഹിതമായിട്ടുണ്ട്.
ഇതിന് പുറമെ, അൽതഡേന, പസഡെന, തുടങ്ങിയ പ്രദേശങ്ങളിലും വെള്ളത്തിന്റെ ക്ഷാമം വലിയ പ്രശ്നമായിട്ടുണ്ട്. തീപിടിത്തം നിയന്ത്രിക്കാൻ ആവശ്യമായ വെള്ളം ലഭിക്കുന്നതിൽ വന്ന പ്രതിസന്ധിയാണ് , നാശനഷ്ടങ്ങൾ വർധിപ്പിച്ചത്.
സാന്റാ മോനിക്കയും മലീബു നഗരങ്ങള്‍ക്കിടയിലുള്ള പ്രദേശമായ പസഫിക് പാലിസേഡ്‌സിൽ പടർന്നുപിടിച്ച കാട്ടുതീ വൻ നാശം സൃഷ്ടിച്ചു. പതിനായിരക്കണക്കിന് ഏക്കറുകളിലേറെ പ്രദേശത്ത് തീ പടർന്നതിനെ തുടർന്ന്, അഗ്നിശമനസേന പ്രതിസന്ധിയിലാണ്.
പസഡേനയ്ക്കു സമീപവും, സാൻ ഫെർണാണ്ടോ വാലിയിലെ സിൽമറി പ്രദേശങ്ങളിലും കാട്ടുതീ വ്യാപിച്ചിരുന്നു. വരണ്ട കാലാവസ്ഥ, മഴയില്ലായ്മ, കാറ്റ്,ഉണക്കമരങ്ങൾ എന്നിവയാണ് കാട്ടുതീപടരാനുള്ള പ്രധാന കാരണം. അതിനിടെ നഗരമൊട്ടാകെ പടര്‍ന്നു പിടിച്ച കാട്ടു തീയില്‍ മരിച്ചവരുടെ എണ്ണം 16 ആയി.