ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണപ്പെട്ടവരുടെ എണ്ണം 24 ആയി. 16 പേരെ കാണാതായതായി. മരിച്ചവരിൽ അഞ്ച് പേരെ പാലിസേഡ്സ് ഫയർ സോണിൽ നിന്നും 11 പേരെ ഈറ്റൺ ഫയർ സോണിൽ നിന്നുമാണ് കണ്ടെത്തിയത്. പതിനായിരത്തിലധികം കെട്ടിടങ്ങളും സ്ഥാപനങ്ങളും കത്തിയമർന്നു. പ്രദേശത്ത് വരണ്ട കാറ്റായ സാന്റാ അന വീശിയടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ അഗ്നിബാധ ഇനിയും കൂടുതല്‍ പ്രദേശങ്ങളിലേക്ക് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. മണിക്കൂറിൽ 48 കിലോമീറ്റർ മുതൽ 113 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. ഗുരുതരമായ തീപിടിത്ത സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുളളതിനാൽ ബുധനാഴ്ച വരെ റെഡ് ഫ്ലാഗ് മുന്നറിയിപ്പും മേഖലയിലുണ്ട്.
ജനുവരി ഏഴിന് പടര്‍ന്ന ലോസ് ആഞ്ചലസിലെ കാട്ടുതീ ഇതുവരെയും നിയന്ത്രണവിധേയമാക്കാനായിട്ടില്ല. യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഈ തീപിടുത്തമെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം പ്രതികരിച്ചു. പതിനായിരക്കണക്കിന് ആളുകളെയാണ് മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്. പസഫിക് പാലിസേഡ്‌സ്, അൽതഡേന, പസഡെന എന്നീ പ്രദേശങ്ങളെയാണ് കാട്ടുതീ പ്രധാനമായും ബാധിച്ചത്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെത്തുടര്‍ന്ന് ലോസ് ആഞ്ചലസിലെ 35000ത്തില്‍ അധികം വീടുകളും കെട്ടിടങ്ങളും ഇപ്പോഴും ഇരുട്ടിലാണ്.