ബഹിരാകാശത്തില്‍ ചരിത്രം രചിച്ച് ഇന്ത്യ; ഐഎസ്ആര്‍ഒ യുടെ സ്പാഡെക്‌സ് പരീക്ഷണം വിജയിച്ചു

ബഹിരാകാശ രംഗത്ത് ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം. രാജ്യത്തിന്‍റെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പാഡെക്സ് വിജയമായി. ഇതോടെ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുൻപ് ഡോക്കിംഗ് സാങ്കേതിക വിദ്യ വിജയിച്ച മറ്റു മൂന്ന് രാജ്യങ്ങൾ.

സ്‌പാഡെക്‌സ് ദൗത്യത്തിൻ്റെ ഭാഗമായി ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾ ഡോക്ക് ചെയ്യാനുള്ള ഐഎസ്ആ‍‍ർഒയുടെ നാലാമത്തെ ശ്രമമാണ് വിജയിച്ചത്.ഇന്ന് രാവിലെയാണ് സ്‌പേഡെക്‌സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂടിച്ചേര്‍ന്ന് ഒന്നായത്.

ഡോക്കിങ് വിജയകരമായി പൂ‍‍ർത്തിയാക്കിയതായി ഐഎസ്ആർഒ വൃത്തങ്ങൾ അറിയിച്ചു. ഡോക്കിങ് പൂ‍ർത്തിയായതിന് പിന്നാലെ ശാസ്ത്രജ്ഞരുടെ ടീം വിശദമായ ഡാറ്റ വിശകലനം നടത്തുകയാണ്. ഡാറ്റ അവലോകനം പൂർത്തിയാക്കിയ ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ 30 ന് ആയിരുന്നു സ്പാഡെക്‌സ് പേടകങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. രണ്ട് വ്യത്യസ്ത ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് കൂട്ടിയോജിപ്പിക്കുന്ന ഐഎസ്ആര്‍ഒയുടെ നിര്‍ണായക ദൗത്യമായിരുന്നു സ്പാഡെക്‌സ്. ഇന്ത്യയുടെ ബഹിരാകാശ നിലയം രൂപകല്‍പന ചെയ്യുന്നതിലും ചന്ദ്രയാന്‍ ഉള്‍പ്പടെയുള്ള ഗ്രഹാന്തര ദൗത്യങ്ങള്‍ക്കും നിര്‍ണായകമാണ് ഡോക്കിങ് സാങ്കേതിക വിദ്യ.

Share this news

Leave a Reply

%d bloggers like this: