അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരായ എല്ലാ പൗരന്മാരെയും തിരിച്ചു വിളിക്കാനൊരുങ്ങി ഇന്ത്യ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ സർക്കാർ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. ജനുവരി 20ന് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിന് തൊട്ടു പിന്നാലെ സ്വീകരിച്ച എക്സിക്യൂട്ടീവ് നടപടികളിൽ പ്രധാനപെട്ടതായിരുന്നു യുഎസിലേക്കുള്ള അനധികൃത കുടിയെറ്റത്തിനെതിരായുള്ള പ്രഖ്യാപനം. രേഖകളില്ലാത്ത 18,000 ഇന്ത്യൻ കുടിയേറ്റക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കുടിയേറ്റക്കാരിൽ ഭൂരിഭാഗവും.
ട്രംപ് അധികാരമേറ്റ ഉടൻ തന്നെ സമവായത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിനാലാണ് മതിയായ രേഖകളില്ലാതെ താമസിക്കുന്നവരെ നാടുകടത്താനുള്ള നീക്കത്തെ പിന്തുണയ്ക്കുന്നത്. അനധികൃത കുടിയേറ്റത്തിൽ യുഎസ് ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.
അനധികൃതമായി താമസിക്കുന്ന 1.45 ദശലക്ഷം ആളുകളുടെ പേരുള്ള പട്ടികയാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടിക പ്രകാരം 18,000 ഇന്ത്യക്കാരാണ് രേഖകളില്ലാതെ യുഎസിൽ കഴിയുന്നത്. എന്നാൽ കുടിയേറ്റക്കാരുടെ എണ്ണം ഇതിലുമധികമാകാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇന്ത്യയിൽ നിന്നും ഏകദേശം 7,25,000 ആളുകൾ യുഎസിൽ നിയമ വിരുദ്ധമായി താമസിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ നവംബറിൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം 17,940 ഇന്ത്യക്കാരാണ് നാടുകടത്തൽ കാത്തിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 1,000ത്തിലധികം അനധികൃത താമസക്കാരായ ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നതായും ഇന്ത്യ അറിയിച്ചു.
കണക്കുകൾ പ്രകാരം യുഎസിൽ മെക്‌സിക്കൻ കുടിയേറ്റക്കാരാണ് ഏറ്റവുമധികമുള്ളത്. രണ്ടാമത് എൽ സാൽവഡോറും മൂന്നാമത് ഇന്ത്യയുമാണ്. രേഖകളില്ലാതെ രാജ്യത്തുകഴിയുന്ന നൂറോളം ഇന്ത്യക്കാരെ കഴിഞ്ഞ ഒക്ടോബറിൽ അമേരിക്ക തിരിച്ചയച്ചിരുന്നു.