ഇന്ത്യയുടെ 2025ലെ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മധ്യവർഗത്തെ ലക്ഷ്യമിട്ട് വൻ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉള്ളത്. ഇനി 12 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് ആദായനികുതി അടക്കേണ്ടെന്നതാണ് ഏറ്റവും ജനപ്രിയമായ പ്രഖ്യാപനം. സമീപകാലത്തെ ഏറ്റവും വലിയ നികുതിയിളവാണിത്. പുതിയ നികുതി ഘടനയും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ടിഡിഎസും റിസിഎസും ഫയൽ ചെയ്യാനുള്ള കാലാവധി 4 വർഷമായി ഉയർത്തിയിട്ടുണ്ട്. ടിഡിഎസും റിസിഎസും ഫയൽ ചെയ്യാതിരിക്കുന്നത് ഇനി മുതൽ ക്രിമിനൽ കുറ്റമായി കണക്കാക്കില്ല.
ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ധനമന്ത്രി പറഞ്ഞു. ദാരിദ്ര്യ നിർമാർജനമാണ് ലക്ഷ്യമെന്നും വികസനത്തിന് ഊന്നൽ നകുമെന്നും ധനമന്ത്രി വ്യക്തമാക്കി. വളർച്ച ത്വരിതപ്പെടുത്തുക, സുരക്ഷിതമായ സമഗ്ര വികസനം, സ്വകാര്യ നിക്ഷേപം, ഇന്ത്യയിലെ വളർന്നുവരുന്ന മധ്യവർഗത്തിൻ്റെ ധനവിനിയോഗ ശേഷി വർദ്ധിപ്പിക്കുക എന്നീ കാര്യങ്ങൾ പ്രധാന ലക്ഷ്യമായി ധനമന്ത്രി പറഞ്ഞു. നിര്‍മല സീതരാമന്റെ എട്ടാമത് ബജറ്റ് ആയിരുന്നു ഇത്.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍;
ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം കൂട്ടി. 74 ശതമാനത്തില്‍ നിന്ന് FDI 100 ശതമാനമാക്കി.
കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പാക്കാന്‍ പദ്ധതി. 8 കോടി കുഞ്ഞുങ്ങള്‍ക്ക് നേട്ടമാകും.
2028-ഓടെ എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കും.
കാന്‍സറടക്കം ഗുരുതര രോഗങ്ങള്‍ക്കുള്ള 36 മരുന്നുകളുടെ വില കുറയും.
സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ.
ഇന്ത്യ പോസ്റ്റിനെ ലോജിസ്റ്റിക്‌സ് കമ്പനിയാക്കി മാറ്റും. രാജ്യവ്യാപകമായി ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകള്‍ വഴി പദ്ധതി നടപ്പിലാക്കും.
ഇലക്ട്രിക് വാഹനങ്ങൾക്ക് വിലകുറയും.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഒരു ലക്ഷം രൂപ നികുതി ഇളവ്.
ആണവ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം.