അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നടപടി ശക്തമായി തുടരുന്നതിനിടെ ഇന്ത്യൻ കുടിയേറ്റക്കാർക്കെതിരെയും നടപടി സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യകാരായ അനധികൃത കുടിയേറ്റക്കാരുമായി ഒരു വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കന്‍ ഭരണകൂടം തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സി-7 സൈനീക വിമാനത്തിലാണ് അനധികൃത കുടിയേറ്റക്കാരെ പറഞ്ഞയച്ചതെന്നും എന്നാല്‍ 24 മണിക്കൂറായിട്ടും വിമാനം ഇന്ത്യയിലെത്തിയിട്ടിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ യുഎസിലെത്തിയ വിദേശകാര്യമന്ത്രി എസ് ജയശങ്കർ, ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിവയവരെ തിരിച്ചയക്കാനുള്ള അമേരിക്കന്‍ സര്‍ക്കാറിന്‍റെ നടപടിയോട് തുറന്ന മനസ്സാണെന്ന് പ്രതികരിച്ചിരുന്നു.
അമേരിക്കന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) യുടെ കണക്കുകള്‍ പ്രകാരം ഏകദേശം 7,25,000 ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയില്‍ താമസിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. മെക്‌സിക്കോ, ഇഐ സാല്‍വഡോര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരുള്ളത്.
അതെ സമയം അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള സാമ്പത്തിക ചെലവ് ട്രംപിനു ബാധ്യതയാകുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. സൈനിക വിമാനത്തിൽ ഒരാളെ ഇന്ത്യയിലെത്തിക്കാൻ ഏകദേശം 4675 ഡോളർ (നാല് ലക്ഷം രൂപ) ചെലവാകുമെന്നാണ് കണക്കുകൂട്ടൽ. ഗ്വാണ്ടാനാമോയിലേക്ക് പുറപ്പെട്ട വിമാനത്തിന് ഓരോ കുടിയേറ്റക്കാരനും ഏകദേശം ഇത്ര പണം ചെലവായെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. അങ്ങനെയെങ്കിൽ 18000 ഇന്ത്യക്കാതെ തിരിച്ചെത്തിക്കാൻ യുഎസ് സർക്കാറിന് കോടികൾ ചെലവാക്കേണ്ടി വരും. മിക്ക രാജ്യങ്ങളിലേയും കുടിയേറ്റക്കാരെ തിരിച്ചയക്കാൻ ഇതുപോലെ ഭീമമായ ഫണ്ട് ചെലവാക്കേണ്ടി വരുന്നത് യുഎസ് സർക്കാറിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കും.