ഗാർഡയും വടക്കൻ അയർലണ്ട് പൊലീസും കൈകോർത്തു; Co Antrim-ൽ പിടികൂടിയത് 7.9 മില്യന്റെ മയക്കുമരുന്നുകൾ

ഗാര്‍ഡയും, നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ 7.9 മില്യണ്‍ യൂറോ വിലവരുന്ന മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. തിങ്കളാഴ്ച രാവിലെയാണ് Co Antrim-ലെ Newtownabbey-ലുള്ള Mullusk പ്രദേശത്ത് നടത്തിയ പരിശോധനയില്‍ വലിയ അളവിലുള്ള കഞ്ചാവ്, കൊക്കെയ്ന്‍, കെറ്റമീന്‍ എന്നിവ ഭക്ഷണം സൂക്ഷിക്കുന്ന പാക്കുകളില്‍ നിറച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും 28 വയസുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

യുകെയിലെ വിവിധ പ്രദേശങ്ങളിലായി ഇവ വിതരണം ചെയ്യാനായിരുന്നു കുറ്റവാളികളുടെ ഉദ്ദേശ്യമെന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസ് പറഞ്ഞു. അതിര്‍ത്തി കടന്നുള്ള സംഘടിതകുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ഗാര്‍ഡയുടെ മയക്കുമരുന്ന വിരുദ്ധ സേനയുമായി കൈകോര്‍ത്ത് പരിശോധന നടത്തിയതെന്നും അവര്‍ അറിയിച്ചു. ഇത്തരത്തില്‍ കടത്തുന്ന മയക്കുമരുന്നുകള്‍ നമ്മുടെ സമൂഹത്തിലെ കുട്ടികള്‍, മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ മുതലായവര്‍ക്ക് ഉണ്ടാക്കുന്ന ദോഷഫലങ്ങള്‍ ചിന്തിക്കാന്‍ കഴിയാത്തതാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: