അയര്‍ലണ്ടില്‍ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണക്കുറവ് പരിഹരിക്കുന്നതിനായി എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് നിയമങ്ങളില്‍ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍. Minister for Enterprise Peter Burke തയ്യാറാക്കുന്ന പദ്ധതി പ്രകാരം ഹോംകെയര്‍ ജോലിക്കാര്‍ക്കുള്ള ജനറല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് 1,000 എണ്ണം കൂടി വര്‍ദ്ധിപ്പിക്കും.
പുതിയ ഇളവുകള്‍ പ്രകാരം ഇയുവിന് പുറത്തുള്ള രാജ്യങ്ങളില്‍ ഉള്ളവര്‍ക്കും നിബന്ധനകള്‍ പാലിക്കുകയാണെങ്കില്‍ എളുപ്പത്തില്‍ പെര്‍മിറ്റ് ലഭിക്കും. ഹോംകെയര്‍ ജോലിക്കാര്‍ക്ക് കുറഞ്ഞ ശമ്പളം 30,000 യൂറോ ലഭിക്കുകയാണെങ്കില്‍ പെര്‍മിറ്റിന് അപേക്ഷിക്കാം.
അതേസമയം ഹോംകെയര്‍ ജോലിക്കാര്‍ക്ക് പുറമെ പ്ലാനിങ് ജോലിക്കാര്‍ക്കും ഇത്തരത്തില്‍ എളുപ്പത്തില്‍ പെര്‍മിറ്റ് ലഭിക്കാനുള്ള തരത്തില്‍ നിയമം ഇളവ് ചെയ്തിട്ടുണ്ട്. പ്ലാനിങ് ഓഫീസര്‍മാരുടെ ജോലി ക്രിട്ടിക്കല്‍ സ്‌കില്‍സ് പെര്‍മിറ്റ് നല്‍കുന്ന ജോലിയാക്കി മാറ്റിയതോടെ കുറഞ്ഞത് 64,000 ശമ്പളമുള്ള പ്ലാനേഴ്‌സിന് പെര്‍മിറ്റിനായി അപേക്ഷിക്കാം.
കഴിഞ്ഞ വര്‍ഷം 38,189 എംപ്ലോയ്‌മെന്റ് പെര്‍മിറ്റുകളാണ് ഐറിഷ് സര്‍ക്കാര്‍ നല്‍കിയത്. 2023-നെക്കാള്‍ 24% അധികമാണിത്. പോയ വര്‍ഷം ഏറ്റവുമധികം പെര്‍മിറ്റ് ലഭിച്ചവരില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണ്- 13,147 പേര്‍. ബ്രസീല്‍ (4,458), ഫിലിപ്പൈന്‍സ് (3,944), ചൈന (1,092), പാക്കിസ്ഥാന്‍ (1,690) എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍. ആകെ അനുവദിച്ച പെര്‍മിറ്റുകളില്‍ 12,000 എണ്ണത്തിലധികവും ആരോഗ്യമേഖലയിലേയ്ക്കാണ്.