ആഗോള കത്തോലിക്കാ സഭയുടെ പുതിയ നേതാവായി അമേരിക്കയില്‍ നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രീവോ. കഴിഞ്ഞ ദിവസം മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇനിമുതല്‍ ലിയോ പതിനാലാമന്‍ എന്നറിയപ്പെടും. യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പയുമാണ് 69-കാരനായ കര്‍ദിനാള്‍ റോബര്‍ട്ട് പ്രീവോ. ജനനം യുഎസില്‍ ആണെങ്കിലും പിന്നീട് അദ്ദേഹം പെറു പൗരത്വം സ്വീകരിച്ചിരുന്നു.
ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാലം ചെയ്തതിന് പിന്നാലെ പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനായി വത്തിക്കാനില്‍ 133 കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് രണ്ട് ദിവസമായി നടന്നുവരികയായിരുന്നു. രണ്ടാം ദിവസം നടന്ന നാലാമത്തെ വോട്ടെടുപ്പിലാണ് കര്‍ദിനാള്‍ റോബര്‍ട്ട് പ്രീവോയെ കത്തോലിക്കാ സഭയുടെ 267-ആമത് മാര്‍പ്പാപ്പയായി തെരഞ്ഞെടുത്തത്.
1955 സെപ്റ്റംബര്‍ 14-ന് ചിക്കാഗോയില്‍ ജനിച്ച റോബര്‍ട്ട് പ്രീവോയുടെ പിതാവ് ഫ്രഞ്ച്- ഇറ്റാലിയന്‍ വംശജനും, മാതാവ് സ്പാനിഷ് വംശജയുമാണ്. രണ്ട് സഹോദരന്മാരാണ് അദ്ദേഹത്തിന്. 1973-ല്‍ ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്‍ മൈനര്‍ സെമിനാരിയില്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയ പ്രേവോ, 1977-ല്‍ വില്ലനോവ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗണിതശാസ്ത്ര ബിരുദവും നേടി.
1982-ലാണ് പ്രീവോ പുരോഹിതനാകുന്നത്. പെറുവിലാണ് പ്രധാനമായും പൗരോഹിത്യ സേവനം നടത്തിയിരുന്നത്. 2015-ല്‍ പെറു പൗരത്വം സ്വീകരിക്കുകയും ചെയ്തു. 2023-ലാണ് പ്രീവോ കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടത്.