ഫോര്‍ഡിന്റെ Kuga plug-in hybrid (PHEV) കാറുകളിലെ ബാറ്ററിക്ക് തീപിടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി കമ്പനി. അയര്‍ലണ്ടിലെ 2,850 വാഹന ഉടമകളെ ഇത് ബാധിക്കും. നേരത്തെ മാര്‍ച്ച് മാസത്തില്‍ തന്നെ ഇത്തരമൊരു മുന്നറിയിപ്പ് കമ്പനി നല്‍കിയിരുന്നു. ശേഷം ഈ മുന്നറിയിപ്പ് നല്‍കുന്ന ഒരു സോഫ്റ്റ് വെയര്‍ കൂടി കാറുകള്‍ക്കായി ഇറക്കാന്‍ തങ്ങള്‍ ഒരുങ്ങുകയാണെന്നാണ് ഫോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത 10-15 ദിവസത്തിനുള്ളില്‍ സോഫ്റ്റ് വെയര്‍ ലഭ്യമാകും.
PHEV ബാറ്ററി ഉപയോഗിക്കുന്ന കാറുകള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, ഡ്രൈവര്‍മാര്‍ കാറിന്റെ പെട്രോള്‍ എഞ്ചിനെ മാത്രം ആശ്രയിക്കണമെന്നും മാര്‍ച്ച് ആദ്യം ഫോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചാര്‍ജ്ജ് ചെയ്താല്‍ ഓട്ടത്തിനിടെ ചാര്‍ജ്ജ് ഇറങ്ങിപ്പോകാനോ, കാറിന് തീപിടിക്കാനോ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ഇതിനെത്തുടര്‍ന്ന് ചില ഉപഭോക്താക്കള്‍ക്ക് കമ്പനിക്കെതിരെ നിയമനടപടിയും ആരംഭിച്ചിരുന്നു.
ഇത്തരമൊരു പ്രശ്‌നമുണ്ടായതില്‍ എല്ലാ ഉപഭോക്താക്കളോടും ക്ഷമ ചോദിക്കുന്നതായി ഫോര്‍ഡ് ബ്രിട്ടന്‍ മേധാവി ലിസ ബ്രാങ്കിന്‍ പറഞ്ഞു. ഒപ്പം കാറുകള്‍ക്കായി പുതുതായി Battery Energy Control Module കൂടിയുള്ള ഒരു സോഫ്റ്റ് വെയര്‍ പുറത്തിറക്കുകയാണെന്നും, ബാറ്ററി അമിതമായിചൂടായാല്‍ തീപിടിത്തത്തിന് മുമ്പായി മുന്നറിയിപ്പ് തരുന്ന വിധത്തിലാണ് സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും അവര്‍ അറിയിച്ചു. ഈ മുന്നറിയിപ്പ് ലഭിച്ചാല്‍ ഡീലര്‍മാര്‍ ബാറ്ററി പാക്ക് മാറ്റി സ്ഥാപിച്ച് തരുമെന്നും അവര്‍ വ്യക്തമാക്കി.
ബാറ്ററികളിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി തീപിടിത്തം ഉണ്ടാകുന്നതിന് മുമ്പ് മുന്നറിയിപ്പ് തരാന്‍ ലക്ഷ്യമിട്ടുള്ളതാണ് സോഫ്റ്റ് വെയര്‍. അഥവാ ഈ ബാറ്ററി ചാര്‍ജ്ജ് ചെയ്താല്‍ അത് ഉടനടി സോഫ്റ്റ് വെയര്‍ ഇടപെട്ട് നിര്‍ത്തലാക്കുമെന്നും ഫോര്‍ഡ് പറയുന്നു. ഡ്രൈവിങ്ങിനിടെ ബാറ്ററി പ്രശ്‌നം നേരിട്ടാല്‍ വണ്ടി നിര്‍ത്താന്‍ സോഫ്റ്റ് വെയര്‍ മുന്നറിയിപ്പ് നല്‍കും. ബാറ്ററി സംബന്ധമായ മേല്‍ പറഞ്ഞ പ്രശ്‌നമാണെങ്കില്‍ ഫോര്‍ഡ് ഡീലര്‍മാര്‍ ബാറ്ററി എക്‌സ്‌ചേഞ്ച് ചെയ്ത് തരും.
Kuga PHEV ബാറ്ററി ഉപയോഗിക്കുന്ന കാറുകളുടെ ഉടമകള്‍ക്ക് എന്തെങ്കിലും ആശങ്കകളുണ്ടെങ്കില്‍ പ്രദേശത്തെ ഡീലര്‍മാരുമായി ബന്ധപ്പെടാമെന്നും, വാഹനം സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ സൗജന്യ ചെക്കപ്പ് ഡീലര്‍മാര്‍ നടത്തിത്തരുമെന്നും ബ്രാങ്കിന്‍ പറഞ്ഞു. യൂറോപ്പില്‍ ബാറ്ററി അടക്കമുള്ള ഹൈ വോള്‍ട്ടേജ് കംപണന്റുകളുടെ വാറന്റി 10 വര്‍ഷം അല്ലെങ്കില്‍ 240,000 കിലോമീറ്ററായി ഉയര്‍ത്തുമെന്നും ബ്രാങ്കിന്‍ കൂട്ടിച്ചേര്‍ത്തു.
2023 നവംബറിന് മുമ്പ് നിര്‍മ്മിച്ച് വില്‍പ്പനയ്‌ക്കെത്തിച്ച പുതിയ Kuga PHEV കാറുകളുടെ വില്‍പ്പന നിര്‍ത്തിയതായി ഫോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ യൂസ്ഡ് കാറുകളുടെ വില്‍പ്പന നിയന്ത്രിക്കാന്‍ തങ്ങള്‍ക്ക് ആകില്ലെന്നും കമ്പനി പറഞ്ഞിരുന്നു. അതേസമയം അയര്‍ലണ്ടിലെ Kuga PHEV കാറുകളില്‍ ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ട് പ്രശ്‌നങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കമ്പനി പറയുന്നു.
കാറുമായി ബന്ധപ്പെട്ട് ആശങ്കയുള്ളവര്‍ക്ക് ഫോര്‍ഡിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാവുന്നതാണ്: 1800 771 199 (തിങ്കള്‍ മുതല്‍ വെള്ളി വരെ 9am-5pm)