സഹ പൈലറ്റ് കുഴഞ്ഞു വീണു, പ്രധാന പൈലറ്റ് ടോയ്‌ലറ്റിൽ; നിയന്ത്രിക്കാൻ ആളില്ലാതെ വിമാനം പറന്നത് 10 മിനിറ്റ്

മെയിന്‍ പൈലറ്റ് ടോയ്‌ലറ്റില്‍ പോയപ്പോൾ സഹപൈലറ്റ് കുഴഞ്ഞുവീണു, നിയന്ത്രിക്കാനാളില്ലാതെ 200-ലേറെ പേരുമായി വിമാനം പറന്നത് 10 മിനിറ്റ് സമയം. ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ടില്‍നിന്ന് സ്‌പെയിനിലെ സെവിയ്യയിലേക്ക് പോവുകയായിരുന്ന ലുഫ്താന്‍സയുടെ എയര്‍ബസ് 321 വിമാനത്തിലായിരുന്നു സംഭവം. ബോധം പോകുന്നതിനിടെ സഹ പൈലറ്റ് വിമാനം ഓട്ടോ പൈലറ്റ് മോഡിലേയ്ക്ക് മാറ്റിയിരുന്നത് കാരണമാണ് വിമാനം അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഒരുവര്‍ഷം മുമ്പ് നടന്ന ഈ സംഭവം ഇപ്പോഴാണ് പുറത്ത് വന്നത്.

 

സ്പാനിഷ് അന്വേഷണ ഏജന്‍സിയായ സിഐഎഐഎസിയുടെ കണ്ടെത്തല്‍ ആണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്.

199 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കുഴഞ്ഞുവീണ പൈലറ്റ് മാത്രമേ കോക്ക്പിറ്റിലുണ്ടായിരുന്നുള്ളൂ. ഈ സമയം പ്രധാന പൈലറ്റ് ശുചിമുറിയില്‍ ആയിരുന്നു. ശുചിമുറിയില്‍ നിന്ന് തിരികെ വന്ന പൈലറ്റ് കോക്പിറ്റിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് ക്രൂ അംഗങ്ങള്‍ സഹപൈലറ്റിനെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെട്ടു. ഒടുവില്‍ എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ആവശ്യമായ കോഡ് ടൈപ്പ് ചെയ്താണ് മെയിന്‍ പൈലറ്റ് കോക്പിറ്റിലേക്ക് കടന്നത്. തുടര്‍ന്ന് വിമാനം മാഡ്രിഡില്‍ അടിയന്തര ലാന്‍ഡിങ് നടത്തി സഹപൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി.

 

അര്‍ധബോധാവസ്ഥയിലായിട്ടും സഹപൈലറ്റ് നിയന്ത്രണം ഓട്ടോപൈലറ്റ് മോഡിലേക്ക് മാറ്റിയതിനാലാണ് വിമാനത്തിന് അപകടം കൂടാതെ പറക്കാനായതെന്ന് സിഐഎഐഎസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേഹാസ്വാസ്ഥ്യമുണ്ടായ സമയത്തെ പൈലറ്റിന്റെ ശബ്ദങ്ങള്‍ കോക്ക്പിറ്റിലെ വോയ്‌സ് റെക്കോഡറില്‍ പതിഞ്ഞിട്ടുണ്ട്.

 

Share this news

Leave a Reply