ഡബ്ലിനിൽ ഓഫിസ് ആരംഭിക്കാൻ ഡിജിറ്റൽ ബാങ്കായ Monzo; പ്രഖ്യാപനം ആദ്യ വാർഷിക ലാഭം നേടിയതിന് പിന്നാലെ

യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ബാങ്കായ Monzo, ഡബ്ലിനില്‍ ഓഫിസ് സ്ഥാപിക്കാനൊരുങ്ങുന്നു. പ്രവര്‍ത്തനമാരംഭിച്ച് ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായി വാര്‍ഷിക ലാഭം നേടിയതിന് പിന്നാലെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്.

ഏകദേശം 9.7 മില്യണ്‍ ഉപഭോക്താക്കളുള്ള Monzo, മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തില്‍ നേടിയ ലാഭം 15.4 മില്യണ്‍ പൗണ്ട് (18 മില്യണ്‍ യൂറോ) ആണ്. ടാക്‌സ് കുറയ്ക്കാതെയുള്ള കണക്കാണിത്. അതേസമയം തൊട്ടുമുമ്പത്തെ വര്‍ഷം 116.3 മില്യണ്‍ പൗണ്ടിന്റെ നഷ്ടമായിരുന്നു ബാങ്ക് രേഖപ്പെടുത്തിയത്.

ഡബ്ലിനില്‍ ഓഫിസ് തുറക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ Monzo ചീഫ് എക്‌സിക്യുട്ടീവും, ഇന്ത്യന്‍ വംശജനുമായ ടിഎസ് അനില്‍, ഇത് യൂറോപ്പില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ സഹായിക്കുമെന്ന് കരുതുന്നതായും കൂട്ടിച്ചേര്‍ത്തു. കൃത്യമായ തീയതി പറയാന്‍ സാധിക്കില്ലെങ്കിലും വരും മാസങ്ങളില്‍ തന്നെ ഓഫിസ് പ്രവര്‍ത്തനമാരംഭിക്കുമെന്ന് Monzo ചീഫ് എക്‌സിക്യുട്ടീവായ ടിഎസ് അനില്‍ പറഞ്ഞു.

യുകെയില്‍ 2015-ല്‍ ആരംഭിച്ച ബാങ്ക് മൊബൈല്‍ ആപ്പ് വഴിയാണ് പ്രവര്‍ത്തനം നടത്തുന്നത്. യുകെയിലെ ആഴാമത്തെ വലിയ ബാങ്കായ Monzo-യ്ക്ക്, വലിയ രീതിയില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രചാരം നേടാന്‍ സാധിച്ചെങ്കിലും ബിസിനസ് ലാഭത്തിലേയ്ക്ക് എത്തിക്കാന്‍ ഇതുവരെ സാധിച്ചിരുന്നില്ല.

യുഎസിലും സാന്നിദ്ധ്യമറിയിക്കാന്‍ തയ്യാറെടുക്കുകയാണ് Monzo.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion