അയർലണ്ടിലെ അഞ്ചിൽ ഒന്ന് പേരും വാക്സിൻ സ്വീകരിക്കാൻ തയ്യാറല്ലെന്ന് സർവേ ഫലം

അയര്‍ലണ്ടിലെ അഞ്ചില്‍ ഒന്ന് പേര്‍ പാരമ്പര്യ വാക്‌സിനുകള്‍ എടുക്കാന്‍ തയ്യാറല്ലെന്ന് Worldwide Independent Network of MR (WIN) സര്‍വേ. അയര്‍ലണ്ട് അടക്കം ലോകത്തെ 38 രാജ്യങ്ങളിലുള്ള 33,000 പേരെ പങ്കാളികളാക്കി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. പതിറ്റാണ്ടുകളായി ഉപയോഗിച്ച് ഫലപ്രാപ്തി വ്യക്തമായതാണെങ്കില്‍കൂടി ലോകത്ത് മൂന്നിലൊന്ന് പേരും പാരമ്പര്യ വാക്‌സിനുകള്‍ എടുക്കില്ലെന്നോ, എടുക്കുമെന്ന് അറിയില്ലെന്നോ ആണ് പ്രതികരിച്ചതെന്നും സര്‍വേ വ്യക്തമാക്കുന്നു.

ആഗോള സര്‍വേയുടെ ഭാഗമായി 1,000 പേരെയാണ് അയര്‍ലണ്ടില്‍ നിന്നും പങ്കെടുപ്പിച്ചത്. അതേസമയം ആഗോള ശരാശരിയെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ കൂടുതല്‍ പേരും വാക്‌സിനുകളെ വിശ്വസിക്കുന്നുണ്ട് എന്ന് സര്‍വേ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ 73% പേരും തങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കുമെന്നാണ് പ്രതികരിച്ചത്. ഇക്കാര്യത്തില്‍ ആഗോള ശരാശരി 68% ആണ്.

പാരമ്പര്യ വാക്‌സിന്‍ അല്ലാത്ത mRNA വാക്‌സിന്‍ സ്വീകരിക്കുമെന്ന് 67% അയര്‍ലണ്ടുകാരാണ് പ്രതികരിച്ചത്. ആഗോളതലത്തിലും, യൂറോപ്പിലും ഇത് 60% ആണ്. സര്‍വേയില്‍ അയര്‍ലണ്ടുകാരില്‍ നാലില്‍ ഒന്ന് പേര്‍ mRNAവാക്‌സിന്‍ എടുക്കില്ലെന്നും, 6% പേര്‍ എടുക്കുമോ എന്ന് അറിയില്ലെന്നുമാണ് പ്രതികരിച്ചിരിക്കുന്നത്. അഞ്ചില്‍ ഒന്ന് പേര്‍ പാരമ്പര്യ വാക്‌സിന്‍ എടുക്കില്ലെന്നും പറഞ്ഞു.

മറ്റ് ആധുനിക മരുന്നുകളുടെ സ്വീകാര്യതയിലും യൂറോപ്യന്‍ ശരാശരിയെക്കാള്‍ മുന്നിലാണ് അയര്‍ലണ്ട് എന്ന് സര്‍വേ പറയുന്നുണ്ട്. രോഗം ഭേദമാകാനായി കോശങ്ങളിലെ ഘടകങ്ങളുമായി നേരിട്ട് ഇടപെടുന്ന മരുന്നുകള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അയര്‍ലണ്ടിലെ 55% പേര്‍ പ്രതികരിച്ചപ്പോള്‍, ഇക്കാര്യത്തിലെ യൂറോപ്യന്‍ ശരാശരി 46% മാത്രം ആണ്. ജനിതക പ്രത്യേകതകളിലൂന്നിയ പേഴ്‌സണലൈസ്ഡ് മരുന്നുകള്‍ ഉപയോഗിക്കാന്‍ രാജ്യത്തെ 55% പേര്‍ തയ്യാറാണെന്ന് പ്രതികരിക്കുമ്പോള്‍ ഇതിലെ യൂറോപ്യന്‍ ശരാശരി 50% ആണ്.

രാജ്യത്തെ ഭൂരിപക്ഷം പേരും നവീന രീതിയിലൂടെ സൃഷ്ടിക്കപ്പെടുന്ന വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ തയ്യാറാണെന്നത് നല്ല കാര്യമായാണ് ഗവേഷകര്‍ കാണുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസവും, രാജ്യത്തെ സജീവമായ മരുന്നുകമ്പനികളുടെ സാന്നിദ്ധ്യവുമാണ് ഇതിന് പ്രധാന കാരണങ്ങളായി പറയുന്നത്.

വാക്‌സിനുകള്‍ കുട്ടികളില്‍ പ്രത്യേകിച്ചും മോശം ഫലം ചെയ്യുമെന്ന തരത്തില്‍ വ്യാജപ്രചരണങ്ങള്‍ നടക്കുന്നത് വാക്‌സിന്‍ എടുക്കല്‍ കുറയ്ക്കുന്നുണ്ട് എന്നും ഗവേഷകര്‍ പറയുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion