പുതിയ ഡാറ്റ ബേസ് നിലവിൽ വന്ന ശേഷം അയർലണ്ടിൽ ഇൻഷുറൻസ് ഇല്ലാതെ റോഡിലിറക്കുന്ന വാഹങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് സർവേ

അയര്‍ലണ്ടില്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ റോഡിലിറക്കുന്ന വാഹനങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ പുതിയ ഡാറ്റാ ബേസ് സിസ്റ്റം പുറത്തിറക്കിയത് വലിയ നേട്ടമായെന്ന് വിലയിരുത്തല്‍. ഈ സംവിധാനം നിലവില്‍ വന്നതോടെ ഇന്‍ഷുറന്‍സ് ഇല്ലാതെ നിരത്തിലിറക്കുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണായതായാണ് Motor Insurers’ Bureau of Ireland (MIBI) നടത്തിയ സര്‍വേയില്‍ വ്യക്തമായത്. 2024-ലെ കണക്കനുസരിച്ച് രാജ്യത്തെ ആകെ സ്വകാര്യ വാഹനങ്ങളില്‍ 4.2% ആണ് ഇന്‍ഷ്വര്‍ ചെയ്യാത്തതെന്ന് സര്‍വേ കണ്ടെത്തി. ഡാറ്റാ ബേസ് നിലവിലില്ലാതിരുന്ന 2022-ല്‍ ഇത് 8.3% ആയിരുന്നു.

2022-ല്‍ ആകെയുണ്ടായിരുന്ന 2.25 മില്യണ്‍ സ്വകാര്യ വാഹനങ്ങളില്‍ 187,803 എണ്ണം ഇന്‍ഷ്വര്‍ ചെയ്തിരുന്നില്ല. 2024-ലേയ്ക്ക് എത്തുമ്പോള്‍ ആകെയുള്ള 2.4 മില്യണ്‍ സ്വകാര്യ വാഹനങ്ങളില്‍ ഇന്‍ഷ്വര്‍ ചെയ്യാത്തവയുടെ എണ്ണം 101,881 ആയി കുറഞ്ഞു.

റോഡിലിറക്കുന്ന എല്ലാ വാഹനങ്ങളുടെയും ഇന്‍ഷുറന്‍സ് വിവരങ്ങള്‍ ഗാര്‍ഡ അടക്കമുള്ളവര്‍ക്ക് ഉടനടി ലഭ്യമാക്കുന്ന തരത്തിലാണ് Irish Motor Insurance Database (IMID) സംവിധാനം. Motor Insurers’ Bureau of Ireland (MIBI) ആണ് ഇത് കൈകാര്യം ചെയ്യുന്നത്. ഇന്‍ഷുറന്‍സ് ഇല്ലാതെയാണോ ഒരു വാഹനം റോഡിലിറക്കുന്നത് എന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കാനും, നടപടിയെടുക്കാനും ഈ സംവിധാനം സഹായിക്കുന്നു. സംവിധാനം നിലവില്‍ വന്ന ശേഷം കഴിഞ്ഞ വര്‍ഷം ഇന്‍ഷുറന്‍സ് ഇല്ലാത്ത 18,676 വാഹനങ്ങള്‍ ഗാര്‍ഡ പിടിച്ചെടുത്തതായും, 26,094 വാഹനങ്ങള്‍ക്ക് എതിരെ സമന്‍സ് അയയ്ക്കുകയോ, കേസെടുക്കുകയോ ചെയ്തതായും MIBI പറയുന്നു.

സ്വകാര്യ വാഹനങ്ങള്‍ക്ക് പുറമെ കൊമേഴ്ഷ്യല്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് വിവരങ്ങളും ഈ ഡാറ്റാ ബേസില്‍ ചേര്‍ക്കുന്നുണ്ട്. രാജ്യത്തെ 425,000-ഓളം കൊമേഴ്ഷ്യല്‍ വാഹനങ്ങളുടെ വിവരങ്ങളാണ് ഇത്തരത്തില്‍ ചേര്‍ക്കാനുള്ളതെന്നും, ഇതുവരെ 364,889 വാഹനങ്ങളുടെ വിവരങ്ങളേ ലഭ്യമായിട്ടുള്ളൂ എന്നും MIBI കണക്കാക്കുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion