അയർലണ്ടിൽ ഇവി, ഹൈബ്രിഡ് കാർ വിൽപ്പന ഉയർന്നു; പെട്രോൾ, ഡീസൽ മോഡലുകൾക്ക് തിരിച്ചടി; വിൽപ്പനയിൽ മുമ്പൻ ടൊയോട്ട തന്നെ

അയര്‍ലണ്ടില്‍ ഈ വര്‍ഷം പുതിയ കാറുകളുടെ വില്‍പ്പനയില്‍ 2.4% വര്‍ദ്ധന. ഹൈബ്രിഡ്, ഇലക്ട്രിക് കാറുകളുടെ വില്‍പ്പന വര്‍ദ്ധിച്ചതാണ് വിപണിയെ സഹായിച്ചിരിക്കുന്നത്. അതേസമയം പെട്രോള്‍ കാറുകളുടെ വില്‍പ്പന 13 ശതമാനവും, ഡീസല്‍ കാറുകളുടെ വില്‍പ്പന 22 ശതമാനവും കുറയുകയും ചെയ്തു.

റെഗുലര്‍ ഹൈബ്രിഡുകളുടെ വില്‍പ്പന 18% വര്‍ദ്ധന രേഖപ്പെടുത്തിയപ്പോള്‍, ഇവി കാറുകളുടെ വില്‍പ്പന 23% ആണ് വര്‍ദ്ധിച്ചത്. പെട്രോള്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡുകളുടെ (PHEV) വില്‍പ്പന 54 ശതമാനവും ഉയര്‍ന്നു.

2025-ന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ 79,301 കാറുകളാണ് പുതുതായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 21,890 എണ്ണം പെട്രോള്‍ കാറുകളും, 18,312 എണ്ണം റെഗുലര്‍ ഹൈബ്രിഡുകളും, 13,816 എണ്ണം ഡീസലുമാണ്. 12,392 ഫുള്ളി ഇലക്ട്രിക് കാറുകള്‍, 11,608 PHEV കാറുകള്‍ എന്നിവയും ഈ കാലയളവിനിടെ രജിസ്റ്റര്‍ ചെയ്തു.

അയര്‍ലണ്ടില്‍ ഏറ്റവുമധികം വില്‍പ്പന നടത്തുന്ന കാര്‍ ബ്രാന്‍ഡ് എന്ന നേട്ടം ടൊയോട്ട നിലനിര്‍ത്തി. 14% ആണ് ടൊയോട്ടയുടെ മാര്‍ക്കറ്റ് ഷെയര്‍. 11.2% മാര്‍ക്കറ്റ് ഷെയറുമായി ഫോക്‌സ്‌വാഗണാണ് രണ്ടാമത്. ഹ്യുണ്ടായ് (9.6%), സ്‌കോഡ (9.3%), കിയ (7.8%) എന്നിവയാണ് പിന്നാലെ.

അതേസമയം രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാര്‍ ഹ്യുണ്ടായുടെ Tuscon (3,308) ആണ്. റെഗുലര്‍ ഹൈബ്രിഡ് വിപണിയില്‍ ടൊയോട്ടയാണ് ഒന്നാമത്. പെട്രോള്‍ ഹൈബ്രിഡില്‍ ഹ്യുണ്ടായ് ഒന്നാമതെത്തിയപ്പോള്‍, ഇവികളില്‍ ഏറ്റവുമധികം വില്‍പ്പന ഫോക്‌സ്‌വാഗണ്‍ കാറുകള്‍ക്കാണ്. കമ്പനിയുടെ ID.4 ആണ് അയര്‍ലണ്ടില്‍ ഏറ്റവുമധികം വില്‍ക്കുന്ന ഇവി മോഡല്‍.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion