അയര്‍ലണ്ടിലെ ജനങ്ങള്‍ പൊതുവില്‍ എന്തെല്ലാം കാര്യങ്ങളാണ് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നതും, ഇഷ്ടപ്പെടാതിരിക്കുന്നതും എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? Lyons Tea നടത്തിയ അത്തരമൊരു ഗവേഷണം ചില രസകരമായ ചില വസ്തുതകളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍
ഒരു ചായ കുടിക്കുന്നതിനിടെ പ്രധാനമായും എന്തെല്ലാം കാര്യങ്ങളാണ് സംസാരിക്കാറുള്ളതെന്നും, ഒഴിവാക്കാറുള്ളതെന്നുമായിരുന്നു ചോദ്യം. ഗവേഷണമനുസരിച്ച് ആളുകള്‍ പ്രധാനമായും സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു വിഷയം മതങ്ങളെ കുറിച്ചാണ്. 43% പേരും മതവുമായി ബന്ധപ്പെട്ട സംസാരങ്ങള്‍ എപ്പോഴും ഒഴിവാക്കാന്‍ ശ്രമിക്കുന്നു. 36% പേര്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട സംസാരങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍, 35% പേര്‍ പണം, മറ്റ് സാമ്പത്തികമായ കാര്യങ്ങള്‍ എന്നിവ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.
സംസാരിക്കാന്‍ താല്‍പര്യപ്പെടുന്ന കാര്യങ്ങള്‍
മറുവശത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നത് എന്തെല്ലാമെന്നും ഗവേഷണം വെളിപ്പെടുത്തുന്നുണ്ട്. 53% പേരും കുടൂംബം, സുഹൃത്തുക്കള്‍ എന്നിവരെ കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. 30% പേര്‍ വാര്‍ത്തകള്‍, സമകാലിക കാര്യങ്ങള്‍ എന്നിവയെ പറ്റിയാണ് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നതെങ്കില്‍ 26% പേരുടെ ഇഷ്ടവിഷയം യാത്രയാണ്. 26% പേര്‍ വിനോദങ്ങളെ കുറിച്ചും സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നു. ഏറ്റവും പുതിയ ഗോസിപ്പുകളെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമാണെന്ന് പ്രതികരിച്ചത് 26% പേരാണ്.
മാനസികാരോഗ്യത്തെ പറ്റി സംസാരം കുറവ്
അതേസമയം ഇത്തരം സംസാരങ്ങള്‍ക്കൊന്നും മടിയില്ലെങ്കിലും അയര്‍ലണ്ടുകാര്‍ മാനസികാരോഗ്യം, ആരോഗ്യസംബന്ധിയായ മറ്റ് കാര്യങ്ങള്‍ എന്നിവയെ പറ്റി തുറന്ന് സംസാരിക്കാന്‍ അത്ര തയ്യാറല്ലെന്നും ഗവേഷണം വ്യക്തമാക്കുന്നുണ്ട്. 30% പേരും സ്വന്തം ബുദ്ധിമുട്ടുകള്‍ മറ്റുള്ളവരോട് പറയുന്നത് ഒഴിവാക്കുമ്പോള്‍ 21% പേര്‍ മാനസികാരോഗ്യത്തെ പറ്റി സംസാരിക്കാനേ ശ്രമിക്കാറില്ല.
ഒരു ദിവസം എത്ര നേരം സംസാരിക്കുന്നു?
ഇതിന് പുറമെ പ്രായപൂര്‍ത്തിയായ ആളുകള്‍ സാധാരണയായി സംസാരത്തിലേര്‍പ്പെടുന്നത് എത്ര സമയമാണ് എന്നറിയാനും ഗവേഷകര്‍ ശ്രമിച്ചിരുന്നു. ദിവസം ശരാശരി 2.27 മണിക്കൂര്‍ അയര്‍ലണ്ടുകാര്‍ നേരിട്ടുള്ള സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നു എന്നാണ് കണ്ടെത്തല്‍. യുഎസ്, യുകെ എന്നിവിടങ്ങളില്‍ ഇത് ശരാശരി 33-35 മിനിറ്റ് മാത്രമാണ് എന്നോര്‍ക്കണം. അതായത് ഈ രാജ്യത്തുള്ളവര്‍ പൊതുവെ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്ന് സാരം.
സംസാരിക്കാന്‍ സമയം കണ്ടെത്തണം
എങ്കിലും ഇത്രയും സമയത്തെ സംസാരം പര്യാപ്തമല്ലെന്നും, കൂടുതല്‍ നേരെ സംഭാഷണങ്ങള്‍ക്കായി കണ്ടെത്തണമെന്നും Lyons Tea-യുടെ Marketing IRL മേധാവിയായ Fiona Collins പറയുന്നു. തിരക്കുള്ള ജീവിതത്തിനും, ഡിജിറ്റല്‍ സംസ്‌കാരത്തിനും ഇടയ്ക്ക് നേരിട്ട് സംസാരത്തിനുള്ള സമയം കുറഞ്ഞുപോകുന്നു എന്നാണ് Collins പറയുന്നത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW




Discussion