ഗാസയില്‍ ഭക്ഷണം ‘ആയുധമാക്കുന്ന’ ഇസ്രായേല്‍ നടപടിയെ അപലപിച്ച് ഐക്യരാഷ്ട്ര സംഘടന (യുഎൻ). ഭക്ഷണത്തിന്റെ ലഭ്യത കുറച്ചും, ഭക്ഷണത്തിനായി കാത്ത് നില്‍ക്കുന്നവരെ ആക്രമിച്ചും ഇസ്രായേല്‍ നടത്തിവരുന്നത് യുദ്ധ കുറ്റകൃത്യമാണെന്നും, ഇത് അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച തെക്കൻ ഗാസയിലെ ക്യാംപിന് സമീപം സഹായത്തിനായി കാത്തുനിന്ന 25 പേരെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊലപ്പെടുത്തിയെന്ന് ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. മദ്ധ്യ ഗാസസിലും സഹായം കാത്തുനിന്ന 21 പേരെ ഇസ്രായേൽ വധിച്ചു. സഹായം കാത്ത് നില്‍ക്കുന്നവര്‍ക്ക് നേരെ വെടിവയ്ക്കുകയും, ഷെല്‍ ആക്രമണം നടത്തുകയുമാണ് ഇസ്രായേലി സൈന്യം ചെയ്യുന്നതെന്ന് സിവില്‍ ഡിഫന്‍സ് പറയുന്നു. യുദ്ധത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തുന്നത് തുടരുകയാണ്.
ഗാസയില്‍ സഹായം നല്‍കിവരുന്ന ഒരു റെഡ്‌ക്രോസ് വൊളന്റിയറും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടു. ഇതോടെ 2023 ഒക്ടോബറിന് ശേഷം കൊല്ലപ്പെടുന്ന റെഡ്‌ക്രോസ് വൊളന്റിയര്‍മാരുടെ എണ്ണം അഞ്ചായി.
ഗാസ മുനമ്പില്‍ യുഎസ് പിന്തുണയോടെ ഈയിടെ നിലവില്‍ വന്ന സഹായവിതരണ സംവിധാനത്തെ യുഎന്‍ വിമര്‍ശിക്കുകയും ചെയ്തു. സഹായത്തിനായി കേഴുന്ന ആളുകളെ അപമാനിക്കുന്നതും, കൂടുതല്‍ ആളുകളെ കൊല്ലുന്നതിലേയ്ക്ക് നയിക്കുന്നതുമാണ് ഇതെന്ന് പലസ്തീനി അഭയാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സി മേധാവി Philippe Lazzarini പറഞ്ഞു. മെയ് 26 മുതലാണ് യുഎസ്-ഇസ്രായേല്‍ സഹകരണത്തില്‍ Gaza Humanitarian Foundation (GHF) ഗാസയില്‍ ഭക്ഷണം അടക്കമുള്ള സഹായവിതരണം ആരംഭിച്ചത്. പുറത്തുനിന്നുള്ള സഹായം വിലക്കിക്കൊണ്ടുള്ള ഈ നടപടി അക്ഷരാര്‍ത്ഥത്തില്‍ വിശപ്പ് ആയുധമാക്കി പലസ്തീനികളെ വംശഹത്യ നടത്താനുള്ളതാണെന്നാണ് വിമര്‍ശനം.
ഗാസയിലേയ്ക്ക് മാദ്ധ്യമപ്രവര്‍ത്തകര്‍ എത്തുന്നതിനും ഇസ്രായേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ അവിടെ നടക്കുന്നത് എന്തെല്ലാമാണെന്ന് കൃത്യമായി പുറംലോകത്തേക്ക് എത്തിക്കാനും സാധിക്കാത്ത അവസ്ഥയാണ്. ഗാസയിലെ മറ്റ് പ്രദേശങ്ങള്‍ ലക്ഷ്യമാക്കിയും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW




Discussion