കുതിച്ചുയർന്ന് അയർലണ്ടിലെ ഹീറ്റിംഗ് ഓയിൽ വില; ഇയു രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത്

യൂറോപ്യന്‍ യൂണിയനില്‍ ഈയിടെയുണ്ടായ ഹോം ഹീറ്റിങ് ഓയില്‍ വില വര്‍ദ്ധന ഏറ്റവുമധികം ബാധിച്ചത് അയര്‍ലണ്ടുകാരെ. യൂറോപ്യന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം അയര്‍ലണ്ടില്‍ 1,000 ലിറ്റര്‍ ഹോം ഹീറ്റിങ് ഓയിലിന് 964 യൂറോ എന്നതായിരുന്നു ഫെബ്രുവരി മാസത്തെ കണക്ക്. എന്നാല്‍ മാര്‍ച്ച് 9-ഓടെ ഇത് ശരാശരി 1,554.90 യൂറോ ആയി കുതിച്ചുയര്‍ന്നിരിക്കുകയാണ്. യുഎസും, ഇസ്രായേലും കൂടിച്ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനും, ഇറാൻ പ്രത്യാക്രമണമരംഭിച്ചതിനും പിന്നാലെ മിക്ക ലോകരാജ്യങ്ങളും ഇന്ധനവില വര്‍ദ്ധനയോ, ലഭ്യതക്കുറവോ അനുഭവിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അയര്‍ലണ്ടിലും സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുന്നത്.

മുന്‍ മാസത്തെക്കാള്‍ 61% ആണ് വര്‍ദ്ധനയാണ് ഹീറ്റിങ് ഓയിലിന്റെ കാര്യത്തില്‍ അയര്‍ലണ്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇയുവില്‍ ഇത്രയധികം വര്‍ദ്ധന സംഭവിച്ചിരിക്കുന്നത് അയര്‍ലണ്ടില്‍ മാത്രമാണ്. ഇതോടെ ഇയുവില്‍ ഹീറ്റിങ് ഓയിലിന് ഏറ്റവും ഉയര്‍ന്ന വിലയുള്ള രണ്ടാമത്തെ രാജ്യമായി അയര്‍ലണ്ട് മാറുകയും ചെയ്തു. ഇയു ശരാശരിയെക്കാള്‍ എട്ടിരട്ടിയാണ് നിലവില്‍ അയര്‍ലണ്ടിലെ വില എന്നതും ശ്രദ്ധേയം്.

2022 മാര്‍ച്ചിലെ ഊര്‍ജ്ജപ്രതസന്ധി കാലത്ത് ശരാശരി 1,643 യൂറോ ആയിരുന്നു അയര്‍ലണ്ടില്‍ 1,000 ലിറ്ററിന് ഹീറ്റിങ് ഓയിലിന്റെ വില. ഏകദേശം ആ തുകയോട് അടുത്തുകൊണ്ടിരിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

അയര്‍ലണ്ടിന് പുറമെ മറ്റ് ഇയു രാജ്യങ്ങളിലും ഓയിലിന് വില കുത്തനെ ഉയരുന്നുണ്ട്. അയര്‍ലണ്ട് കഴിഞ്ഞാല്‍ വില ഏറ്റവുമധികം ഉയര്‍ന്നിരിക്കുന്നത് ഓസ്ട്രിയയിലാണ്. 1,098 യൂറോയില്‍ നിന്നും 48% വിലയുയര്‍ന്ന് നിലവില്‍ 1,624 യൂറോയാണ് ഓസ്ട്രിയയില്‍ ഒരു ലിറ്റര്‍ ഹീറ്റിങ് ഓയിലിന് നല്‍കേണ്ടത്. ഇയുവില്‍ ഹീറ്റിങ് ഓയിലിന് ഏറ്റവുമധികം വിലയുള്ള രാജ്യവും ഓസ്ട്രിയ തന്നെ.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion