അമിതവേഗത, ലഹരിയുടെ പുറത്തുള്ള ഡ്രൈവിങ്; അയർലണ്ടിലെ നിയമലംഘകർക്ക് ഈയാഴ്ച പിടിവീഴുമെന്ന് ഗാർഡ

വെള്ളിയാഴ്ച ലൂ കൗണ്ടിയിലെ Dundalk-ലുള്ള Redbog-ല്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത നിശ്ചയിച്ചിട്ടുള്ള മേഖലയില്‍ 124 കിലോമീറ്റര്‍ വേഗതയില്‍ വാഹനമോടിച്ച ഡ്രൈവര്‍ ഗാര്‍ഡയുടെ പിടിയില്‍. ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാര്‍ഡ പ്രത്യേക റോഡ് പോലീസിംഗ് പരിശോധനകള്‍ നടത്തിവരികയാണ്. കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച് ബുധനാഴ്ച രാവിലെ വരെ നീണ്ടുനില്‍ക്കുന്ന ഈ പരിശോധനയുടെ ആദ്യ 48 മണിക്കൂറിനുള്ളില്‍ 1,450-ലധികം ഡ്രൈവര്‍മാരാണ് അമിതവേഗതയ്ക്ക് പിടിയിലായത്.

വെള്ളിയാഴ്ച കണ്ടെത്തിയ മറ്റ് പ്രധാന നിയമലംഘനങ്ങളില്‍ ലിമറിക് കൗണ്ടിയിലെ Weston-ലുള്ള N18 Ballinacurra-യില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പരിധിയുള്ളിടത്ത് 138 കിലോമീറ്റര്‍ വേഗതയില്‍ പോയതും, കോര്‍ക്ക് കൗണ്ടിയിലെ Tower-ലുള്ള R617 Kilnamucky-യില്‍ 50 കിലോമീറ്റര്‍ വേഗത പരിധിയുള്ളിടത്ത് 85 കിലോമീറ്റര്‍ വേഗതയില്‍ വാഹനമോടിച്ചതും ഉള്‍പ്പെടുന്നു. മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിച്ചതിന് 56 പേരെയും ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനോ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനോ ഇതുവരെ 120-ലധികം ഡ്രൈവര്‍മാരെ ഗാര്‍ഡ നോട്ടമിട്ടിട്ടുണ്ട്. ഒപ്പം വിവിധയിടങ്ങളില്‍ സ്ഥിരം ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുകയും നിര്‍ബന്ധിത ലഹരി പരിശോധനകള്‍ നടത്തിവരുകയുമാണ്. ഈ വാരാന്ത്യത്തില്‍ വേഗത കുറയ്ക്കാനും, ലഹരി ഉപയോഗിച്ച് വാഹനമോടിക്കാതിരിക്കാനും, അതീവ ജാഗ്രത പാലിക്കാനും, വാഹനമോടിക്കുമ്പോള്‍ പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാനും ഗാര്‍ഡ എല്ലാ ഡ്രൈവര്‍മാരെയും ഓര്‍മ്മിപ്പിക്കുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion