നോർത്ത് വെസ്റ്റ് 10K ചാരിറ്റി ലഞ്ച് ഫണ്ട്റൈസർ വൻ വിജയം; 1,333 യൂറോ സമാഹരിച്ചു

ലെറ്റർകെന്നി: ഓട്ടിസം ഫാമിലി സപ്പോർട്ട് ഗ്രൂപ്പ് ലെറ്റർകെന്നിയുടെ നേതൃത്വത്തിൽ ഗോമാർട്ട് (GoMart) സ്റ്റോറിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച നോർത്ത് വെസ്റ്റ് 10K ചാരിറ്റി ലഞ്ച് ഫണ്ട്റൈസർ വൻ വിജയമായി. ചടങ്ങിലൂടെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി 1,333 യൂറോ സമാഹരിക്കാൻ സാധിച്ചു.

ഏകദേശം 185-ഓളം ഭക്ഷണപ്പൊതികളാണ് അന്നേ ദിവസം വിറ്റഴിച്ചത്. ജനപ്രതിനിധികളായ പിയേഴ്‌സ് ഡൊഹർട്ടി (TD), പാഡ്രിഗ് മക്ലാഫ്ലിൻ (TD), കൗൺസിലർ ജെറി മക്മോനാഗിൾ എന്നിവർ ചടങ്ങിൽ നേരിട്ട് പങ്കെടുത്ത് പിന്തുണ അറിയിച്ചു. ഔദ്യോഗിക തിരക്കുകൾ മൂലം നേരിട്ടെത്താൻ സാധിക്കാത്ത മന്ത്രി ചാർലി മക്കോണലോഗ് (TD), കൗൺസിലർ ഡോണൽ “മാണ്ടി” കെല്ലി എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.

പരിപാടിയുടെ വിജയത്തിനായി അകമഴിഞ്ഞ പിന്തുണ നൽകിയ ഗോമാർട്ട് ലെറ്റർകെന്നി ഉടമകളായ സാജി പോൾ, ഏബിൾ മാത്യു എന്നിവർക്കും, രുചികരമായ ഭക്ഷണം തയ്യാറാക്കിയ ഷെഫുമാരായ സുമേഷ് ചെറിയാൻ, പോൾ ജോഷി എന്നിവർക്കും സംഘാടക സമിതി അംഗം അനിൽ അമ്പാട്ട് പ്രത്യേക നന്ദി രേഖപ്പെടുത്തി. ലഞ്ച് ഡെലിവറി ഏകോപിപ്പിക്കുന്നതിനും പരിപാടി സുഗമമായി നടത്തുന്നതിനും നേതൃത്വം നൽകിയ ജൂൺ ഡൊഹർട്ടി, ലിലിയൻ എന്നിവരുടെ സേവനവും പ്രത്യേകം സ്മരിക്കപ്പെട്ടു.

ഓട്ടിസം ബാധിച്ച കുട്ടികളുടെ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവർക്ക് നൽകേണ്ട കമ്മ്യൂണിറ്റി-ഗവൺമെന്റ് പിന്തുണയെക്കുറിച്ചും ചടങ്ങിൽ പങ്കെടുത്ത ജനപ്രതിനിധികൾ സംസാരിച്ചു. വരാനിരിക്കുന്ന നോർത്ത് വെസ്റ്റ് 10K പരിപാടിയുടെ ഭാഗമായി ലഭിക്കുന്ന തുക ഓട്ടിസം ഫാമിലി സപ്പോർട്ട് ഗ്രൂപ്പ്, ആൽക്കഹോൾ ഫോറം അയർലൻഡ്, നോ ബാരിയേഴ്സ് ഫൗണ്ടേഷൻ എന്നീ മൂന്ന് പ്രാദേശിക ചാരിറ്റികൾക്കാണ് നൽകുന്നത്. ഈ ഉദ്യമത്തെ എല്ലാവരും പിന്തുണയ്ക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion