കോർക്കിൽ കുത്തേറ്റ് മരിച്ചത് ഉക്രെയിൻ പൗരൻ, ചെറുപ്പം മുതൽ താമസം അയർലണ്ടിൽ; അന്വേഷണം ആരംഭിച്ച് ഗാർഡ

കോര്‍ക്ക് നഗരത്തില്‍ 31-കാരനായ ഉക്രെയിന്‍ പൗരന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. തിങ്കളാഴ്ച വൈകിട്ട് 7.50-ഓടെയാണ് Lower John Street/Knapps Square പ്രദേശത്ത് വച്ച് വീട്ടിലേയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകുകയായിരുന്ന ഉക്രെയിന്‍ പൗരന് കുത്തേറ്റത്. പരിക്കുകളോടെ വീട്ടിലെത്തിയ ഇദ്ദേഹത്തെ കണ്ട് ഭാര്യയാണ് അധികൃതരെ വിവരമറിയിച്ചത്. പാരാമെഡിക്കല്‍ സംഘം എത്തി പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ഇദ്ദേഹം വീട്ടില്‍ വച്ചുതന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഇദ്ദേഹം ചെറുപ്പം മുതല്‍ അയര്‍ലണ്ടിലാണ് താമസിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ഗാര്‍ഡ കൊലപാതകം എന്ന നിലയ്ക്ക് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും, പ്രദേശവാസികളോട് വിവരങ്ങള്‍ ചോദിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

മാര്‍ച്ച് 16 വൈകിട്ട് 7.30-നും 9 മണിക്കും ഇടയില്‍ കോര്‍ക്ക് നഗരത്തിലെ Devonshire Street, Knapps Square, Lower John Street എന്നീ പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന ആരെങ്കിലും സംഭവത്തിന് ദൃക്‌സാക്ഷികളായിട്ടുണ്ടെങ്കിലോ, സംഭവവുമായി ബന്ധപ്പെട്ട സിസിടിവി/ കാര്‍ ഡാഷ് ക്യാമറ ദൃശ്യങ്ങള്‍ ആരുടെയെങ്കിലും കൈവശം ഉണ്ടെങ്കിലോ അവര്‍ എത്രയും പെട്ടെന്ന് ഏതെങ്കിലും സ്റ്റേഷനുകളിലോ, താഴെ പറയുന്ന നമ്പറുകളിലോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിക്കുന്നു:
Mayfield Garda Station – (021) 4558510
Garda Confidential Line – 1800 666 111

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion