വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഇത്തരം തുറമുഖങ്ങള്‍ ലോകത്ത് കൈവിരലില്‍ എണ്ണാവുന്നവ മാത്രമേ ഉള്ളൂവെന്നും, ഇന്ത്യ ഇതിലൂടെ ലോകഭൂപടത്തില്‍ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ദീര്‍ഘകാലത്തെ സ്വപ്നം യാഥാര്‍ഥ്യമായതായി പറഞ്ഞ മുഖ്യമന്ത്രി, ഇതിനു പിന്തുണ നല്‍കിയ എല്ലാവര്‍ക്കും കേരളത്തിന്റെ നന്ദി അറിയിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
2028-ഓടെ സമ്പൂര്‍ണ തുറമുഖമായി വിഴിഞ്ഞം മാറുമെന്നും, 10,000 കോടി രൂപയുടെ നിക്ഷേപം വിഴിഞ്ഞത്തെത്തുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
ആദ്യ കണ്ടെയ്‌നര്‍ മദര്‍ഷിപ് ഇന്നലെയാണ് വിഴിഞ്ഞത്ത് എത്തിയത്. ലോകത്തെ രണ്ടാമത്തെ വലിയ ഷിപ്പിങ് കമ്പനിയായ മേസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള ‘സാന്‍ ഫെര്‍ണാണ്ടോ’ മദര്‍ഷിപ്പാണ് തുറമുഖത്തെത്തിയത്. രാജ്യത്തെ ഏറ്റവും ആഴമേറിയ ട്രാന്‍സ്ഷിപ്‌മെന്റ് (ചരക്കുമാറ്റം) തുറമുഖം സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിലേക്കു വഴി തുറക്കുമെന്നാണ് പ്രതീക്ഷ. 2000 കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്തിറക്കി കപ്പല്‍ ഇന്നു തുറമുഖം വിടും.
നാളെത്തന്നെ ഫീഡര്‍ കപ്പലുകള്‍ എത്തുന്നതോടെ ട്രാന്‍സ്ഷിപ്‌മെന്റിനും തുടക്കമാകും. 3 മാസത്തോളം നീളുന്ന ട്രയല്‍ റണ്ണില്‍ തുടര്‍ച്ചയായി മദര്‍ഷിപ്പുകള്‍ എത്തും. കമ്മിഷന്‍ ചെയ്യുന്നത് ഒക്ടോബറിലാണെങ്കിലും ആദ്യ കണ്ടെയ്‌നര്‍ ഷിപ്പിന്റെ വരവോടെ വരുമാനം ലഭിച്ചു തുടങ്ങും.
നിലവില്‍ കൊളംബോ തുറമുഖം കൈകാര്യം ചെയ്യുന്ന ആകെ ചരക്കില്‍ ഏതാണ്ട് 60% ഇന്ത്യയിലേക്കുള്ളതാണ്. ഇതിന്റെ ഗണ്യമായ ഭാഗം ഇനി വിഴിഞ്ഞത്തെത്തും. ഇന്ത്യയിലേക്കുള്ള കണ്ടെയ്‌നറുകള്‍ മാത്രമല്ല, കൊളംബോയെ ഇപ്പോള്‍ ആശ്രയിക്കുന്ന മറ്റു രാജ്യങ്ങളിലേക്കുള്ള കണ്ടെയ്‌നറുകളും മാറ്റിക്കയറ്റുന്ന ഹബ്ബായി വിഴിഞ്ഞം മാറുന്നതോടെ രാജ്യാന്തരതലത്തില്‍ കേരളത്തിന്റെ വാണിജ്യപ്രസക്തി ഉയരും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW




Discussion