അയർലണ്ടിന്റെ ‘സേഫ് കൺട്രീസ്’ ലിസ്റ്റിൽ ഇന്ത്യയും

By Rose Malayalam Desk

അയര്‍ലണ്ടിന്റെ ‘സുരക്ഷിത രാജ്യങ്ങളുടെ പട്ടിക’യില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തുന്നു. പട്ടിക വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ, ബ്രസീല്‍, ഈജിപ്ത്, മലാവി, മൊറോക്കോ എന്നീ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തുമെന്ന് ഐറിഷ് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്എന്റീ അറിയിച്ചു. ഇന്ന് വൈകിട്ടോടെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

യുദ്ധമോ, മറ്റ് ആഭ്യന്തരപ്രശ്‌നങ്ങളോ പൗരന്മാര്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നില്ലെങ്കില്‍, ആ രാജ്യങ്ങളെയാണ് ‘സുരക്ഷിത രാജ്യം’ എന്ന പട്ടികയില്‍ അയര്‍ലണ്ട് ഉള്‍പ്പെടുത്തുക. അത്തരം രാജ്യങ്ങളില്‍ നിന്നും ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷകള്‍ നല്‍കുന്ന പൗരന്മാരുടെ വിവരങ്ങള്‍ പ്രത്യേകം പരിശോധിച്ച ശേഷം മാത്രമേ അഭയം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. ഈ അപേക്ഷകള്‍ വേഗത്തില്‍ തന്നെ കൈകാര്യം ചെയ്യുകയും ചെയ്യും. മാത്രമല്ല ഈ രാജ്യങ്ങളില്‍ നിന്നുമെത്തി അയര്‍ലണ്ടില്‍ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ വേണമെന്ന് ആവശ്യപ്പെടുന്നവര്‍ അതിനുള്ള കാരണം വ്യക്തമായി സര്‍ക്കാരിനെ ബോധിപ്പിക്കുകയും വേണം.

നിലവില്‍ 10 രാജ്യങ്ങളാണ് അയര്‍ലണ്ടിന്റെ സേഫ് കണ്‍ട്രീസ് ലിസ്റ്റില്‍ ഉള്ളത്. അല്‍ബേനിയ, അല്‍ജീരിയ, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന, ബോട്‌സ്വാന, ജോര്‍ജ്ജിയ, കൊസോവോ, നോര്‍ത്ത് മാസിഡോണിയ, മോണ്‍ടിനെഗ്രോ, സെര്‍ബിയ, സൗത്ത് ആഫ്രിക്ക എന്നിവയാണിത്. 2022 നവംബര്‍ മുതല്‍ അയര്‍ലണ്ട് ഈ പട്ടിക ഉണ്ടാക്കാന്‍ ആരംഭിച്ചതിന് ശേഷം ഈ രാജ്യങ്ങളില്‍ നിന്നും വരുന്ന അഭയാര്‍ത്ഥി അപേക്ഷകളുടെ എണ്ണം 50 ശതമാനത്തിലധികം കുറഞ്ഞിരുന്നു. പട്ടിക ഇനിയും വിപുലീകരിക്കാനാണ് മന്ത്രി മക്എന്റീയുടെ തീരുമാനം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW