അയർലണ്ടിലെ ആശുപത്രികളിൽ തീരാതെ ദുരിതം; ബെഡ് ലഭിക്കാതെ ചികിത്സ തേടുന്നത് 530 പേർ

By Rose Malayalam Desk

അയര്‍ലണ്ടിലെ ആശുപത്രികളില്‍ ചികിത്സയ്ക്കായി രോഗികള്‍ ട്രോളികളിലും മറ്റും കഴിയേണ്ടി വരുന്ന ദുരവസ്ഥ മാറ്റമില്ലാതെ തുടരുന്നു. ആവശ്യത്തിന് കട്ടിലുകള്‍ ഇല്ലാത്തത് കാരണം നിലവില്‍ 530 പേര്‍ വിവിധ ആശുപത്രികളിലായി ട്രോളികളില്‍ ചികിത്സ തേടുകയാണെന്ന് Irish Nurses and Midwives Organisation (INMO) ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇവയില്‍ University Hospital Limerick-ലെ സ്ഥിതിയാണ് ഏറ്റവും മോശം. 121 രോഗികളാണ് ഇവിടെ ട്രോളികളില്‍ ചികിത്സ തേടിക്കൊണ്ടിരിക്കുന്നത്. Cork University Hospital-ല്‍ 71 പേരും, University Hospital Galway-യിലും, Mater Hospital, Dublin-ലുമായി 44 പേര്‍ വീതവും ഇത്തരത്തില്‍ ബെഡ് ലഭിക്കാതെ ചികിത്സയില്‍ കഴിയുകയാണ്.

ബെഡ് ലഭിക്കാത്ത ആകെ 530 രോഗികളില്‍ 372 പേരും എര്‍ജന്‍സി വിഭാഗത്തിലാണ് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 158 പേരാണ് വാര്‍ഡുകളില്‍.

ആശുപത്രികളിലെ രോഗികളുടെ തിരക്ക് നിയന്ത്രിക്കാനും, ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും INMO സര്‍ക്കാരിന് മേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും അതൊന്നും ഇതുവരെ പൂര്‍ണ്ണഫലം കണ്ടിട്ടില്ല. തണുപ്പ് കാലം എത്തിയതോടെ പനി പോലുള്ള അസുഖങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയുമാണ്.

ഈ സാഹചര്യത്തില്‍ താരതമ്യേന നിസ്സാരമായ അസുഖങ്ങളുള്ളവര്‍ ആശുപത്രികള്‍ സന്ദര്‍ശിക്കാതെ ചെറിയ ക്ലിനിക്കുകളോ, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളോ ആശ്രയിക്കണമെന്ന് HSE അഭ്യര്‍ത്ഥിച്ചിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW