അയർലണ്ടിൽ ഇന്ന് അപൂർവമായ ‘ബ്ലൂ സൂപ്പർമൂൺ’ പ്രതിഭാസം

By Rose Malayalam Desk

വളരെ അപൂര്‍വ്വമായ ‘ബ്ലൂ സൂപ്പര്‍മൂണ്‍’ പ്രതിഭാസം ഇന്നും (ഓഗസ്റ്റ് 19) നാളെയും അയര്‍ലണ്ടില്‍. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന സമയത്ത് ഉണ്ടാകുന്ന പൂര്‍ണ്ണചന്ദ്രനെയാണ് സൂപ്പര്‍മൂണ്‍ എന്ന് പറയുന്നത്. ഭൂമിയില്‍ നിന്നും ചന്ദ്രനിലേയ്ക്കുള്ള ദൂരം കുറയുന്നതോടെ ചന്ദ്രന്‍ കൂടുതല്‍ പ്രകാശഭരിതമായി അനുഭവപ്പെടും. ഒരേ കലണ്ടര്‍ മാസത്തില്‍ തന്നെയുള്ള രണ്ടാമത്തെ പൂര്‍ണ്ണചന്ദ്രനെയാണ് (അല്ലെങ്കില്‍ ഒരേ സീസണില്‍ തന്നെയുള്ള മൂന്നാമത്തെ പൂര്‍ണ്ണചന്ദ്രന്‍) ബ്ലൂ മൂണ്‍ എന്ന് വിളിക്കുന്നത്. അല്ലാതെ നിറവുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. ഈ രണ്ട് പ്രതിഭാസങ്ങളും ഒരുമിച്ച് വരുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

ചന്ദ്രന്‍ ഉദിക്കുമ്പോഴാണ് സൂപ്പര്‍മൂണ്‍ ഏറ്റവും നല്ല രീതിയില്‍ വീക്ഷിക്കാന്‍ സാധിക്കുക. സൂര്യന്‍ അസ്തമിക്കുന്ന സമയം തന്നെയാകും ഇത്. ചന്ദ്രന്‍ വളരെ വലുതായി അനുഭവപ്പെടുന്ന മൂണ്‍ ഇല്യൂഷനും ഇതേ സമയത്ത് തന്നെയാണ് നടക്കുന്നത്.

സൂപ്പര്‍മൂണ്‍ ഏറ്റവും നല്ല രീതിയില്‍ അനുഭവപ്പെടുക ഇന്ന് രാത്രിയാണ്. നാളെയും ഉണ്ടാകുമെങ്കിലും ഇത്രയും വലിപ്പം തോന്നണമെന്നില്ല. ഇനി 2032-ല്‍ മാത്രമേ ഇത്തരമൊരു പ്രതിഭാസം നടക്കൂ. അതേസമയം അയര്‍ലണ്ടില്‍ ഇന്ന് രാത്രി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW